ന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം പുനഃരാരംഭിച്ച് മണിപ്പൂർ സർക്കാർ. സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് സർക്കാർ നടപടി. ശനിയാഴ്ചയാണ് വിവരശേഖരണം വീണ്ടും തുടങ്ങിയത്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റർ സലാമാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ടീമും മണിപ്പൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് വിവരശേഖരണം നടത്തുന്നത്. കിഴക്കൻ ഇംഫാൽ ജില്ലയിലെ സാജ്‍വയിലെ ഡിറ്റൻഷൻ സെന്ററിലാണ് ശനിയാഴ്ച ഇവർ വിവരശേഖരണത്തിനായി എത്തിയത്.വിവരശേഖരണം എല്ലാ ജില്ലകളിലും നടത്തുമെന്നും മുഴുവൻ അനധികൃത കുടിയേറ്റക്കാരുടെയും ബയോമെട്രിക് വിവരങ്ങൾ എടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2023 സെപ്റ്റംബറിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂലൈ 23ന് മാത്രം 718 മ്യാൻമർ പൗരൻമാരാണ് മണിപ്പൂരിലെത്തിയതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. മ്യാൻമറിലെ സംഘർഷം മൂലമാണ് ഇത്രയും പേർ മണിപ്പൂരിലെത്തിയത്. ഇതിൽ 209 പുരുഷൻമാരും 208 സ്ത്രീകളും 301 കുട്ടികളും ഉൾപ്പെടും. 2023 ഫെബ്രുവരിയിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 393 മ്യാൻമർ പൗരൻമാരാണ് 2012ന് ശേഷം സംസ്ഥാനത്ത് എത്തിയതെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.