ഇംഫാൽ: മണിപ്പൂരിലെ നോണി ജില്ലയിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 24 ആയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 15 പേർ സൈനികരാണ്. ഇതുവരെ 13 സൈനികരേയും അഞ്ച് പ്രദേശവാസികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. 38 പേർക്കായി തിരച്ചിൽ തുടരുകയാണ്.
റെയിൽവെയുടെ ടുപുൾ യാർഡ് നിർമാണ സ്ഥലത്തിന് സമീപമുള്ള ടെറിട്ടോറിയൽ ആർമി ക്യാമ്പിൽ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ ആർമി, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേന എന്നിവ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുഖ്യമന്ത്രി എൻ. ബിരെൻ സിങ് മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാളിൽ നിന്നുള്ള ഒമ്പത് സൈനികർ അപകടത്തിൽ മരിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജി ട്വീറ്റ് ചെയ്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൻ സിങുമായി സംസാരിക്കുകയും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.