വെടിയേറ്റ മ്യാൻമർ പൗരനെ ചികിത്സിച്ച മണിപ്പൂരിലെ ആശുപത്രി അക്രമികൾ കൈയേറി; പരിക്കേറ്റയാൾ മരിച്ചു

ഇംഫാൽ: മ്യാൻമറിൽ ആഭ്യന്തരയുദ്ധത്തിൽ പരിക്കേറ്റയാളെ ചികിത്സിച്ച മണിപ്പൂരിലെ ആശുപത്രി അക്രമികൾ കൈയേറി. ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അതിക്രമം അരങ്ങേറിയത്. വ്യാഴാഴ്ചയാണ് സംഭവം.

മ്യാൻമറിൽ സൈന്യവും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ​പരിക്കേറ്റ ഖോൻതും എന്നയാൾക്കാണ് ഇംഫാലിൽ ചികിത്സ നൽകിയത്. വെടിയേറ്റ ഇയാൾ ഇന്ത്യൻ അതിർത്തിയിലെ സുരക്ഷാ സേനാ പോസ്റ്റിലേക്ക് വൈദ്യസഹായംതേടി നടന്നുവരികയായിരുന്നുവെന്ന് അസം റൈഫിൾസ് അറിയിച്ചു. ഇദ്ദേഹത്തെ സൈന്യമാണ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ ആരോഗ്യ സ്ഥിതി മോശമായ ഖോൻതും മരണപ്പെട്ടു.

ഇതിനിടെ, ഇയാൾ കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ടയാളാണെന്ന അഭ്യൂഹം പ്രചരിക്കുകയും മെയ്തേയി വിഭാഗക്കാർ ആശുപത്രി ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലം മെയ്തേയി ആധിപത്യം മേഖലയാണ്. മ്യാൻമറിൽ നിന്നുള്ള കുക്കി-സോ തീവ്രവാദികളാണ് മണിപ്പൂരിലെ സംഘർഷത്തിന് തുടക്കമിട്ടതെന്ന് മെയ്തേയിക്കാർ നിരന്തരം ആരോപിച്ചിരുന്നു.

2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ മ്യാൻമാർ ഭരണം പട്ടാളം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ പോരാടുന്ന സായുധസംഘം ഇന്ത്യയോട് ചേർന്നുള്ള പട്ടണങ്ങളും സൈനിക താവളങ്ങളും വ്യാപാര പാതകളും പിടിച്ചെടുക്കാൻ നടത്തിയ ശ്രമം ആഭ്യന്തരയുദ്ധത്തിന് വഴിവെച്ചിരിക്കുകയാണ്.

നവംബർ 12 ന് തുടങ്ങിയ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് രാജ്യംവിട്ട ആയിരക്കണക്കിന് മ്യാൻമർ പൗരന്മാർ ഇന്ത്യയിൽ, പ്രത്യേകിച്ച് മിസോറാമിൽ അഭയം തേടുന്നുണ്ട്. ഇത്തവണ രണ്ട് മിസോറാം ഗ്രാമങ്ങളിലായി 5,000-ത്തിലധികം ആളുകൾ അഭയം പ്രാപിച്ചതായി സംസ്ഥാന പൊലീസ് അറിയിച്ചു. 2021 ഫെബ്രുവരിയിൽ സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഏകദേശം 40,000 ചിൻ അഭയാർഥികൾ മണിപ്പൂരിലും മിസോറാമിലും പ്രവേശിച്ചതായാണ് കണക്കാക്കുന്നത്. 

Tags:    
News Summary - Manipur: Mob storms Imphal hospital treating Myanmar national

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.