മണിപ്പൂരിൽ മാരകായുധങ്ങളുമായി അറസ്റ്റിലായ അഞ്ച് മെയ്തേയിക്കാർക്ക് ജാമ്യം: ‘പ്രതികൾ ആരും സംസ്ഥാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’

ഇംഫാൽ: പൊലീസ് കമാൻഡോകളുടെ യൂനിഫോം ധരിച്ച് മാരകായുധങ്ങളുമായി അറസ്റ്റിലായ അഞ്ച് മെയ്തേയി യുവാക്കൾക്ക് മണിപ്പൂർ കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ മോചനത്തിനായി സംസ്ഥാനത്ത് മെയ്തേയി സംഘടനകൾ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമാവുകയും പൊലീസ് സ്റ്റേഷനിൽ പ്രക്ഷോഭകർ ഇരച്ചുകയറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി പ്രതികൾക്ക് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.

പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന മണിപ്പൂർ പൊലീസിന്റെ ആവശ്യം കോടതി തള്ളി. അറസ്റ്റിലാകുന്നത് വരെ പ്രതികൾ ആരും സംസ്ഥാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അ​േപക്ഷ നിരസിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

അഞ്ച് പേരും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനം വിടുന്നതും കോടതി വിലക്കിയിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായാണ് ഇവരെ വിട്ടയച്ചത്. 

സംസ്ഥാന പൊലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് അത്യാധുനിക ആയുധങ്ങളുമായി ​റോന്ത് ചുറ്റിയ സംഘത്തെ സെപ്റ്റംബർ 16നാണ് മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ മെയ്തേയി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വ്യാഴാഴ്ച പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുകയും സ്റ്റേഷനുകളിൽ ഇരച്ചുകയറുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ കർഫ്യൂ പുനസ്ഥാപിച്ചു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പോറോമ്പാട്ട്, ഹീൻഗാങ്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജമേയ്, ക്വാക്കീഥേൽ എന്നിവിടങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലാണ് അതിക്രമം നടന്നത്. ഇത് തടയാനുള്ള പൊലീസ് ശ്രമത്തിൽ സ്ത്രീകളുൾപ്പെടെ 30-ലധികം പേർക്ക് നിസ്സാര പരിക്കേറ്റിരുന്നു. ദ്രുതകർമ സേന കണ്ണീർ വാതകപ്രയോഗം നടത്തിയാണ് പ്രക്ഷോഭകരെ പിരിച്ചുവിട്ടത്. 

Tags:    
News Summary - Manipur Protest: 5 Meitei Men Arrested For Carrying Arms Released On Bail Amid Imphal Agitation, Curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.