ന്യൂഡൽഹി: മണിപ്പൂരിൽ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത യുവതികളുടെ മൊഴി കേസ് പരിഗണിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തരുതെന്ന് സി.ബി.ഐക്ക് സുപ്രീംകോടതി നിർദേശം നൽകി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. അതുവരെ മൊഴിയെടുക്കരുതെന്നാണ് നിർദേശം നൽകിയത്.
നഗ്നരാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് അതിജീവിതകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ നീക്കം തുടങ്ങിയത്. ഇന്ന് രാവിലെ അഭിഭാഷകൻ നിസാം പാഷ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന്, രണ്ട് മണിക്ക് കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കാൻ സോളിസിറ്റർ ജനറലിന് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. നല്ല ഉദ്ദേശ്യത്തിലാണ് സി.ബി.ഐ മൊഴിയെടുക്കാനെത്തുന്നത് എന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.
സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും അതിജീവിതകൾ ഹരജിയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമ സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഹരജികളാണ് അതിജീവിതമാർ സമർപ്പിച്ചിരിക്കുന്നത്. തങ്ങളെ പൊതുസമൂഹം തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നു.
മുമ്പൊരിക്കലുമുണ്ടാകാത്ത തോതിലുള്ള വ്യവസ്ഥാപിതമായ രീതിയിലുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് മണിപ്പൂരിൽ അരങ്ങേറുന്നതെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കടുത്ത ചോദ്യങ്ങളുന്നയിച്ച സുപ്രീംകോടതി ഈ ചോദ്യങ്ങൾക്ക് ചൊവ്വാഴ്ച ഉത്തരങ്ങളുമായി വരാൻ ഇരു സർക്കാറുകൾക്കും വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.