മണിപ്പൂർ ലിലോങ്ങിലെ വെടിവെപ്പ് സ്വയം പ്രതിരോധത്തിന്; ഉത്തരവാദിത്തം ഏറ്റെടുത്ത് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്

ഇംഫാൽ: മണിപ്പൂരിലെ ലിലോങ്ങിലെ നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്. മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനാണ് വെടിവെച്ചതെന്നും റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകീട്ട് തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോയിൽ വാഹനങ്ങളിലെത്തിയ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള പ്രദേശത്ത് നടന്ന വെടിവെപ്പിൽ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.

പ്രകോപിതരായ ജനം അക്രമികളെത്തിയ നാലു വാഹനങ്ങൾക്ക് തീയിട്ടിരുന്നു. നാലു പേർ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എൽ.എ അബ്ദുൽ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പു വരുത്തുമെന്നും ഉറപ്പു നൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.

സംഭവത്തെ തുടർന്ന് ഇംഫാൽ താഴ്വരയിലെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ എന്നീ അഞ്ചു ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Manipur Shootout: Revolutionary Peoples’ Front (RPF) claims self-defence after four civilians killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.