മണിപ്പൂർ: വൻ സമ്മർദത്തിൽ സംസ്ഥാന സർക്കാർ; കുക്കികൾക്കെതിരെ കേന്ദ്രം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടും

ഇംഫാൽ: അക്രമത്തിന് നേതൃത്വം നൽകുന്ന എല്ലാ കുക്കി-സോ ഗ്രൂപുകൾക്കെതിരെയും നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ. സംഘർഷത്തിന് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ, മെയ്തേയി വിഭാഗങ്ങളിലുയർന്ന രോഷം ശമിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കുക്കികൾക്കെതിരെ കേന്ദ്രത്തോട് നടപടിക്ക് ആവശ്യപ്പെടുന്നത്. സംഘർഷം തുടർക്കഥയായ മണിപ്പൂരിൽ നവംബർ 11ന് ജിരിബാമിലെ മെയ്തേയ് ദുരിതാശ്വാസ ക്യാമ്പിലെ ആറ് അന്തേവാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മെയ്തേയി വിഭാഗങ്ങൾക്കുള്ള  വ്യാപകമായ രോഷം ശമിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം. കുക്കി-മെയ്തേയി സംഘർഷത്തിൽ പ്രശ്നപരിഹാരം വൈകുന്നതിൽ കടുത്ത സമ്മർദമാണ് സർക്കാറിനുമേൽ ഉയരുന്നത്.

തീരുമാന​ത്തെ തുടർന്ന് മണിപ്പൂർ ഇന്‍റഗ്രിറ്റിയുടെ (കോകോമി) കോർഡിനേറ്റിങ് കമ്മിറ്റി നടത്തിവരുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരം താൽക്കാലികമായി നിർത്തിവെച്ചു. കുറഞ്ഞത് 256 പേരുടെ ജീവനെടുത്ത വംശീയ സംഘർഷം കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ കഴിവില്ലായ്മക്കെതിരെ നവംബർ 16 മുതൽ ഇംഫാലിലെ സ്ത്രീകൾക്ക് മാത്രമുള്ള ഐക്കണിക് മാർക്കറ്റായ ഖ്വൈരംബാൻഡ് എമ കീഥെൽസിൽ ‘കൊകോമി’ പ്രതിഷേധത്തിന് നേതൃത്വം നൽകിവരികയായിരുന്നു.

പ്രതിഷേധം താൽക്കാലികമായി നിർത്തിവെച്ച കൊകോമിയുടെ നീക്കത്തെ എമ മാർക്കറ്റിലെ വനിതാ കച്ചവടക്കാർ എതിർത്തതായാണ് വിവരം. തങ്ങളുടെ ഭാവി തന്ത്രം ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരുമെന്ന് അവർ പറഞ്ഞു. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ കൃത്യമായ നടപടികളൊന്നും ഉണ്ടാകുന്നത് വരെ സമരം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഒരു കാരണത്തിനുവേണ്ടി ത്യാഗം സഹിക്കാൻ തയ്യാറാണെന്നും ഒരു കച്ചവടക്കാരി പ്രതികരിച്ചു.

ക്യാമ്പിലെ അന്തേവാസികളുടെ മരണത്തിന് ഉത്തരവാദികളായ കുക്കി അക്രമികളെ അടിച്ചമർത്തുന്നതിനുള്ള ഒരു പ്രധാന പ്രമേയം അവലോകനം ചെയ്തതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചതിനെത്തുടർന്നാണ് തങ്ങൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നിർത്തിവച്ചതെന്ന് ‘കൊകോമി’ വക്താവ് ഖുറൈജാം അത്തൗബ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ പൂട്ടിയിടുന്നതുൾപ്പെടെയുള്ള തീവ്രമായ പ്രക്ഷോഭം ആരംഭിക്കാനും എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാനും ഞങ്ങൾ ഏഴ് ദിവസം കാത്തിരിക്കുമെന്നും അത്തൗബ പറഞ്ഞു. എം.എൽ.എമാരുടെ രാജിയും ആവശ്യപ്പെടും.

നവംബർ 18ന് ചേർന്ന ഭരണകക്ഷിയായ എൻ.ഡി.എ എം.എൽ.എമാരുടെ യോഗമാണ് പ്രമേയം അംഗീകരിച്ചത്. അക്രമം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണകക്ഷികളുടെ എം.എൽ.എമാർക്ക് ‘കൊകോമി’ നേരത്തെ 24 മണിക്കൂർ സമയപരിധി നൽകിയിരുന്നു. ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് ‘അഫ്‌സ്പ’ പിൻവലിക്കാൻ ശിപാർശ ചെയ്യാനും കൊലപാതകങ്ങളിൽ ഉൾപ്പെട്ട സംഘടനകളെ ഏഴ് ദിവസത്തിനുള്ളിൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അന്വേഷണചുമതല എൻ.ഐ.എയെ ഏൽപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനവും എം.എൽ.എമാർ അംഗീകരിച്ചു.

ഇംഫാൽ താഴ്‌വരയിലെ കർഫ്യൂ ബുധനാഴ്ച അഞ്ച് മണിക്കൂറും വ്യാഴാഴ്ച ഏഴ് മണിക്കൂറും എന്ന ഉത്തരവ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്. എങ്കിലും അഞ്ച് മെയ്തി ഭൂരിപക്ഷ താഴ്‌വര ജില്ലകളിലും രണ്ട് കുക്കി-സോ-ഭൂരിപക്ഷ ജില്ലകളിലും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് മൂന്നുദിവസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്ത് 70 കമ്പനി അധിക സേനയെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.

നവംബർ 7ന് ശേഷം ഒരു ഹ്മർ അധ്യാപികയെ വെടിവെച്ച് പീഡിപ്പിച്ചശേഷം കത്തിച്ച സംഭവത്തിനു പിന്നാലെ ഇരുപക്ഷത്തുമായി 20 പേരാണ് കൊല്ലപ്പെട്ടത്. ജിരിബാം കൊലപാതകത്തിൽ ഉൾപ്പെട്ട കുക്കി വിഭാഗക്കാർക്ക് വേണ്ടിയുള്ള വേട്ട ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ബിരേൻ സിങ് ‘എക്‌സി’ൽ വിഡിയോ പുറത്തിറക്കിയിരുന്നു.

അതിനിടെ, സേനാപതി ആസ്ഥാനമായുള്ള നാഗാ വിമൻസ് യൂണിയൻ സായുധ സംഘങ്ങളിലെ യുവാക്കളോടും മൈതേയ്-കുക്കി സമുദായങ്ങളിൽപ്പെട്ടവരോടും കൊലപാതകം, ബലാത്സംഗം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിച്ചു.

Tags:    
News Summary - Manipur State govt urges Centre to carry out action on 'all Kuki militants'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.