സിനിമ റിവ്യൂ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞ് മതിയെന്ന ആവശ്യം തള്ളി കോടതി

ചെന്നൈ: സിനിമ റിലീസായതിനുശേഷം മൂന്നു ദിവസത്തേക്ക് യൂട്യൂബ് ചാനലുകളും മറ്റും സാമുഹ്യ മാധ്യമങ്ങളിലൂടെ റിവ്യൂ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹരജി മദ്രാസ് ഹൈകോടതി തള്ളി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഹരജിയാണ് തള്ളിയത്. പുതിയ സിനിമകളുടെ റിവ്യു ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

നടൻ സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. നെഗറ്റീവ് റിവ്യൂ മൂലം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിക്കുമ്പോൾ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച് അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും അസോസിയേഷൻ വാദിച്ചു.

എന്നാൽ, വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ സാധാരണ നിലയിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റീസ് സുന്ദർ അറിയിച്ചു. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി.

കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും യുട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

Tags:    
News Summary - Madras HC rejects producers association plea to ban film reviews for first three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.