ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇതര സമുദായത്തെ കീഴ്പ്പെടുത്തുന്നുവെന്ന സന്ദേശം നൽകാനാണ് മണിപ്പൂരിലെ അക്രമകാരികൾ ലൈംഗികാതിക്രമം നടത്തുന്നതെന്നും ഇത് തടയുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മേയ് നാല് മുതൽ മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് നിർദേശിക്കുകയും ചെയ്തു.
സ്ത്രീകൾക്കുനേരെ ലൈംഗിക അതിക്രമം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നീ ഭരണഘടന മൂല്യങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. പല കാരണങ്ങളാലാണ് ജനക്കൂട്ടം സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നതെന്ന് കോടതി വിലയിരുത്തി. വലിയ സംഘത്തിന്റെ ഭാഗമായാൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞേക്കുമെന്ന സ്ഥിതിയാണ് ഇതിലൊന്ന്. ഇരകളുടെ സമുദായത്തെ കീഴ്പ്പെടുത്തുകയെന്ന സന്ദേശം നൽകുകയാണ് മറ്റൊന്ന്. സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ നിഷ്ഠുരമായ ക്രൂരതയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അപലപനീയമായ അക്രമങ്ങളിൽനിന്ന് ആളുകളെ തടയുകയും ഇരകളെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പരമപ്രധാനമായ കടമയാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ആഗസ്റ്റ് ഏഴിന് നടത്തിയ നിരീക്ഷണം വ്യാഴാഴ്ച രാത്രിയാണ് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തെത്തുടർന്ന് 160ലധികം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കുന്നതിന് അക്രമികളെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.