ന്യൂഡൽഹി: വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സംഘർഷം ലജ്ജാകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ, വിഷയം ഉയർത്തി പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് അതിനേക്കാൾ ലജ്ജകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, വൈകാരിക വിഷയത്തിൽ രാഷ്ട്രീയം കളിക്കാനാണ് അവരുടെ നീക്കമെന്നും കുറ്റപ്പെടുത്തി. മണിപ്പൂരിന് വംശീയ സംഘർഷത്തിന്‍റെ ചരിത്രമുണ്ട്. നിലവിലെ സംഘർഷം ഈ പശ്ചാത്തലത്തിൽ കാണണം. ആറു വർഷമായി ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒരുദിവസം പോലും ഇതിനിടെ ഉണ്ടായിട്ടില്ലെന്നും ഷാ പറഞ്ഞു.
പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ് പ്രതിപക്ഷം ഇപ്പോൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മണിപ്പൂരിലെ അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. വടക്കു കിഴക്കിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ല. അവിടുത്തെ സംഘർഷങ്ങളിൽ ഇപ്പോൾ 68 ശതമാനമാണ് കുറവുണ്ടായത്. ഒമ്പതു വർഷത്തിനിടെ 50ലധികം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോയത്. ഇന്ത്യയുമായി ഈ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചത് മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ രാഹുൽ ഗാന്ധി നാടകം കളിക്കുകയാണ്. രാഹുൽ മണിപ്പൂരിൽ പോയി. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. ഹെലികോപ്ടറിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും റോഡ് മാർഗം പോകാൻ വാശിപിടിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഹെലികോപ്ടറിലാണ് രാഹുൽ മടങ്ങിയതെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.