ന്യൂഡൽഹി: 17 മാസത്തെ ജയിൽവാസത്തിനുശേഷം മോചിതനായ സന്തോഷം പങ്കുവെച്ച് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ. ഭാര്യക്കൊപ്പം ചായ കഴിക്കുന്നതിന്റെ ചിത്രമാണ് സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലെ ആദ്യ ചായ എന്ന കാപ്ഷനിൽ സിസോദിയ എക്സിൽ പങ്കുവെച്ചത്. ''സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രഭാത ചായ....17 മാസത്തിന് ശേഷം.ജീവിക്കാനുള്ള അവകാശത്തിന്റെ ഉറപ്പായി ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും നൽകിയ സ്വാതന്ത്ര്യം... എല്ലവർക്കുമൊപ്പം ജീവവായു ശ്വസിക്കാൻ ദൈവം നൽകിയ സ്വാതന്ത്ര്യം''-എന്നാണ് സിസോദിയ കുറിച്ചത്.
2023 ഫെബ്രുവരി 23നാണ് മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒന്നര വർഷത്തിന് ശേഷമാണ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മദ്യനയക്കേസുളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.
സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിൽ ബന്ധങ്ങളുള്ളതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും 493 സാക്ഷികളുള്ള കേസില്‍ വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും സൂപ്രീംകോടതി ചൂണ്ടിക്കാട്ടി.ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന വിചാരണ കോടതിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള തടവുപുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി.
കടുത്ത നിബന്ധനകളോടെയാണ് സിസോദിയക്ക് കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ടു തവണ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.