മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മറാത്ത സംവരണ സമരനായകൻ മനോജ് ജരൻഗെ പാട്ടീൽ. തന്നെ ഇല്ലാതാക്കാനും സംസ്ഥാനത്ത് മറാത്തകൾക്കുള്ള സ്വാധീനം അവസാനിപ്പിക്കാനും ഫഡ്നാവിസ് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
15 ദിവസമായി ജൽനയിൽ നിരാഹാരസമരം നടത്തുന്ന ജരൻഗെ പാട്ടീൽ ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയായ ‘സാഗറി’നു മുന്നിൽ നിരാഹാരമിരിക്കാൻ മുംബൈയിലേക്കു പുറപ്പെട്ടു. അവശനായ ജരൻഗെ പാട്ടീലിനെ സ്വന്തം അണികൾ തടയാൻ ശ്രമിച്ചിട്ടും വഴങ്ങാതെയാണ് യാത്ര. ഇതോടെ ജരൻഗെ പാട്ടീൽ ദ്രാവകം കഴിക്കുന്നതും നിർത്തി. തന്റെ ആൾക്കാരെ സ്വാധീനിച്ച് ദ്രാവകത്തിൽ വിഷം കലർത്തി കൊല്ലുമെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഇതോടെ മറാത്ത സമരം കടുക്കുകയാണ്. പലയിടങ്ങളിലും മറാത്തകൾ റോഡ് തടഞ്ഞു. ഫഡ്നാവിസ് മറാത്തകൾക്കിടയിൽ വിഭജനമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനുവരിയിൽ സമരക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനു പിന്നിലും ഫഡ്നാവിസാണെന്ന് ജരൻഗെ ആരോപിച്ചിരുന്നു.
ഇതേ തുടർന്ന് ഫഡ്നാവിസിന് അന്ന് ക്ഷമ ചോദിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭ വിളിച്ച് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നടപ്പാക്കാൻ സർക്കാർ ബിൽ പാസാക്കിയിരുന്നു. ബിൽ നിയമപരമായി നിലനിൽക്കില്ലെന്നു പറഞ്ഞ ജരൻഗെ പാട്ടീൽ അത് തള്ളി. ‘കുൻഭി മറാത്തകളുടെ’ പിന്മുറക്കാർക്ക് ഒ.ബി.സി സംവരണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജരൻഗെ പാട്ടീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.