ഡൽഹി ഹൈകോടതി ജഡ്ജി പ്രതിഭ എം. സിങ്

മനുസ്മൃതി സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകുന്നു -ഡൽഹി ഹൈകോടതി ജഡ്ജി പ്രതിഭ എം. സിങ്

ന്യൂഡൽഹി: ഉള്ളടക്കത്തിലെ സ്ത്രീവിരുദ്ധതയുടെയും ജാതി വിവേചനത്തിന്റെയും പേരിൽ വ്യാപക വിമർശനമേറ്റുവാങ്ങിയ 'മനുസ്മൃതി'യെ പുകഴ്ത്തി ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം. സിങ്. മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങൾ സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ അനുഗ്രഹീതരാണെന്നായിരുന്നു ജഡ്ജിയുടെ പരാമർശമെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ബുധനാഴ്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു പ്രതിഭ എം. സിങ്. ''ഇന്ത്യയിലെ സ്ത്രീകൾ അനുഗ്രഹീതരാണെന്ന് ഞാൻ ശരിക്കും കരുതുന്നു. അതിന് കാരണം നമ്മുടെ വേദങ്ങൾ എപ്പോഴും സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനം നൽകിയിട്ടുണ്ട്. നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, പൂജകളും ആരാധനകളും ചെയ്യുന്നതിൽ അർത്ഥമില്ല എന്നാണ് മനുസ്മൃതിയിൽ പറയുന്നത്" -ജഡ്ജി പറഞ്ഞു.

ജോലി ചെയ്യുന്ന സ്ത്രീകൾ കൂട്ടുകുടുംബത്തിൽ ജീവിക്കണമെന്നും ജഡ്ജി ഉപദേശിച്ചു. അത്തരം കുടുംബങ്ങളിലെ പുരുഷൻമാർ പ്രായവും ബുദ്ധിയും ഉള്ളവരായതിനാൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്.

"അങ്ങനെ കൂട്ടുകുടുംബങ്ങളിൽ ജീവിക്കുന്നവർ വിഭവങ്ങൾ പങ്കിടുന്നു, എനിക്ക് എന്റെ സമയം വേണം, എനിക്ക് ഇത് വേണം എന്ന് പറയുന്ന രീതിയിൽ സ്വാർഥരായിരിക്കില്ല. വിട്ടുവീഴ്ച ചെയ്യാനും കാര്യങ്ങൾ ക്രമീക്രിക്കാനും കഴിയും. കൂട്ടുകുടുംബ വ്യവസ്ഥയുടെ പ്രയോജനങ്ങൾ ഒരു അണുകുടുംബത്തിലേതിനേക്കാൾ കൂടുതലാണ്' - ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു.

അതേസമയം, ജഡ്ജിയുടെ പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയരുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ പ്രതിഭാ സിംഗിനെപ്പോലുള്ള ജഡ്ജിമാരുടെ കാരുണ്യത്തിൽ കിടക്കുന്നത് ഭയാനകമാണെന്ന് സി.പി.ഐ.എം.എൽ നേതാവും ആക്ടിവിസ്റ്റുമായ കവിതാ കൃഷ്ണൻ പറഞ്ഞു. ജഡ്ജി മനുസ്മൃതി മുഴുവൻ വായിച്ചിട്ടില്ലെന്ന് സംശയിക്കുന്നതായി അഭിഭാഷക കരുണ നന്ദി അഭിപ്രായപ്പെട്ടു.

'ജഡ്ജിയുടെ പ്രസ്താവന എന്തൊരു വിഡ്ഢിത്തമാണ്. മനു ഒരു സ്ത്രീവിരുദ്ധനായിരുന്നുവെന്ന് മാത്രമല്ല അതിൽ വളരെ അഭിമാനിക്കുന്നയാളുമായിരുന്നു. സ്ത്രീ -അവൾ ഒരു കുട്ടിയായാലും യുവതിയായാലും വൃദ്ധയായാലും- സ്വന്തം വീടുകളിൽ പോലും ഒരിക്കലും ഒരു ജോലിയും സ്വതന്ത്രമായി നിർവഹിക്കാൻ പാടില്ല എന്നാണ് മനു പറയുന്നത്' -ഡോ. ഓഡ്രേ ട്രഷ്കേ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Manusmriti gives respectable position to Indian women, says Delhi HC judge Prathiba M Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.