മുംബൈ: നിരവധി ആളുകളാണ് ബി.ജെ.പി വിടാൻ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാജിവെച്ച് എൻ.സി.പിയിൽ ചേർന്ന ഏക്നാഥ് ഖഡ്സെ. 'ആളുകൾക്ക് മടുത്തു, ബി.ജെ.പിയിൽ നിന്ന് ഒരുപാട് അനുഭവിച്ചു. നിരവധി ആളുകളാണ് ബി.ജെ.പി വിടാൻ ആഗ്രഹിക്കുന്നത്. പക്ഷേ മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാർ തകരാൻ പോവുകയാണെന്നും ആയുസ്സ് കുറവാണെന്നും പറഞ്ഞ് പാർടി വിടാനൊരുങ്ങുന്നവരെ ബി.ജെ.പി നേതാക്കൾ തടഞ്ഞുവെക്കുകയാണ്. അവർ മറ്റു പാർടികളിലേക്ക് പോവാൻ അതിയായി ആഗ്രഹിക്കുന്നു. ഇനി എൻ.സി.പിയെ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ്, സർക്കാറിന്‍റെ വികസനോത്മുഖ പ്രവർത്തനത്തിന് ശക്തി പകരുമെന്നും' അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് ബി.ജെ.പി മുൻ മന്ത്രിസഭയിൽ അംഗമായിരുന്ന ഖഡ്സെ ബി.ജെ.പി വിട്ട് എൻ.സി.പിയേലക്ക് ചേക്കേറിയത്. പാർടി ചീഫ് ശരത് പവാറിന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്.
മുൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് തന്‍റെ ജീവിതം നശിപ്പിച്ചെന്നും പാർടിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്‌നാവിസാണെന്നും ഏക്‌നാഥ് ഖഡ്സെ രാജിക്ക് പിന്നാലെ ആരോപിച്ചിരുന്നു. ബി.ജെ.പിയിൽ നിന്ന് പുറത്തുപോയതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ എനിക്ക് മറ്റ് മാർഗമില്ലെന്നും ഖഡ്സെ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ പ്രബല ഒ.ബി.സി നേതാവാണ് ലേവ പാട്ടീൽ സമുദായക്കാരനായ ഖഡ്സെ. ബി.ജെ.പിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ഖഡ്സെയെ ഒപ്പംനിർത്തി ഉത്തര മഹാരാഷ്ട്രയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനാണ് എൻ.സി.പി ശ്രമം.
ഫഡ്‌നാവിസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടർന്ന് പദവി രാജിവെക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ തയ്യാറെടുത്തെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖഡ്‌സെയ്ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്ട്രയിലെ ബി.ജെ.പി ക്യാമ്പിൽ അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. ഖഡ്സെയുടെ രാജിയോടെ അത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.