ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ അടക്കം അഞ്ചുപേരെ മാവോവാദി കേസിൽ കുറ്റമുക്തരാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിൽ അവധി ദിവസമായ ശനിയാഴ്ച സുപ്രീംകോടതി തുറന്ന് അടിയന്തരമായി വാദം കേട്ടാണ് ജസ്റ്റിസുമാരായ എം.ആർ. ഷായും ബാല എം. ത്രിവേദിയും അടങ്ങുന്ന ബെഞ്ച് ബോംബെ ഹൈകോടതി വിധി 24 മണിക്കൂറിനകം റദ്ദാക്കിയത്.
കേസിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതികതയിൽ മാത്രം ഊന്നിയുള്ളതായതിനാലാണ് ഹൈകോടതി വിധി റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 90 ശതമാനം വികലാംഗനായ വീൽചെയറിൽ കഴിയുന്ന സായിബാബയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം നൽകണമെന്ന ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല. വീട്ടുതടങ്കലിനെങ്കിലും ഉത്തരവിടണമെന്ന അപേക്ഷയും തള്ളി. കുറ്റമുക്തരാക്കപ്പെട്ടവർക്ക് നോട്ടീസയച്ച് കേസ് ഡിസംബർ എട്ടിലേക്ക് മാറ്റി. സായിബാബയെ കൂടാതെ മഹേഷ് ടിർക്കി, ഹേം മിശ്ര, പ്രശാന്ത് സാൻഗ്ലികർ, വിജയ് ടിർക്കി എന്നിവരെയും കുറ്റമുക്തരാക്കിയ വിധിയാണ് റദ്ദാക്കിയത്.
വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷം യു.എ.പി.എ ചുമത്താൻ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയത് തെറ്റായിരുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് നടന്ന വിചാരണയും ശിക്ഷാവിധിയും നിലനിൽക്കില്ലെന്ന് വിലയിരുത്തിയായിരുന്നു ബോംബെ ഹൈകോടതി സായിബാബ അടക്കം അഞ്ചുപേരെ കുറ്റമുക്തരാക്കിയത്.
എന്നാൽ, വിധി റദ്ദാക്കാൻ വെള്ളിയാഴ്ച മണിക്കൂറുകൾക്കകം തന്നെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി ശനിയാഴ്ച തന്നെ കേസ് കേൾക്കണമെന്ന് ആവശ്യപ്പെ ട്ടത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് യു.യു. ലളിത് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് ബാല ത്രിവേദി എന്നിവരെ കേസ് പരിഗണിക്കാൻ നിയോഗിച്ചു. രണ്ടുമണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ മഹാരാഷ്ട്രക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയ വാദം അംഗീകരിച്ച് കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഹൈകോടതി വിധി റദ്ദാക്കണോ എന്നതാണ് ഈ ഘട്ടത്തിൽ തങ്ങളുടെ മുന്നിലുള്ള ചോദ്യമെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു. യു.എ.പി.എ അനുമതിക്കുള്ള അപേക്ഷ നടപടിക്രമം പാലിച്ചായിരുന്നില്ല എന്നതിനേക്കാൾ, നടന്ന വിചാരണയിൽ കുറ്റകൃത്യത്തിന് പ്രതികൾ ശിക്ഷിക്കപ്പെട്ടതാണ് പരിഗണിക്കേണ്ടത്. ക്രിമിനൽ നടപടിക്രമം 465 പ്രകാരം തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ച പ്രതികളെ അനുമതിയുടെ നടപടിക്രമം പറഞ്ഞ് കുറ്റമുക്തരാക്കിയപ്പോൾ കേസിന്റെ ഗൗരവവും കാഠിന്യവും ഹൈകോടതി ഓർത്തില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
സമൂഹത്തിന്റെ താൽപര്യത്തിനും ഇന്ത്യയുടെ അഖണ്ഡതക്കും എതിരായ കുറ്റകൃത്യമാണ് ഇവർ നടത്തിയത്. ഇത്തരം വിഷയങ്ങളൊന്നും പരിശോധിക്കാതെയാണ് വിധി. അതിനാൽ ബോംബെ ഹൈകോടതി വിധി വിശദമായി പരിശോധിക്കും. മഹാരാഷ്ട്ര സർക്കാറിന്റെ ഹരജിക്ക് പ്രതികൾ മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. 'അർബൻ നക്സലുകളാ'യതിനാൽ വീട്ടുതടങ്കൽ പോലുള്ള മാനുഷിക പരിഗണനയൊന്നും നൽകേണ്ടതില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം ജസ്റ്റിസ് എം.ആർ. ഷായും ജസ്റ്റിസ് ബാല ത്രിവേദിയും അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.