മറാത്ത സംവരണ പ്രക്ഷോഭം: സർവകക്ഷി യോഗം വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മറാത്ത സംവരണ ക്വോട്ട വിഷയം ചർച്ച ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അധ്യക്ഷയിൽ സർവകക്ഷി യോഗം ചേർന്നു. ആക്ടിവിസ്റ്റ് മനോജ് ജാരംഗെ അനിശ്ചിത കാല നിരാഹാര സമയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) നേതാവ് അനിൽ പരബ്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, നിയമസഭാ കൗൺസിലിലെ ലോക്‌സഭാ കക്ഷി നേതാവ് അംബാദാസ് ദൻവെ എന്നിവർ പ്രമേയത്തിൽ ഒപ്പുവെച്ചു.

മറാത്ത സംവരണ ക്വോട്ട നടപ്പാക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടെന്ന് ഷിൻഡെ യോഗത്തിൽ വ്യക്തമാക്കി. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടും മറ്റ് സമുദായങ്ങളോട് അനീതി കാണിക്കാതെയും സംവരണം നടപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരിനൊപ്പമുണ്ടെന്നും ഷിൻഡെ അറിയിച്ചു. സമാധാനം നിലനിർത്താനുള്ള സർക്കാർ ശ്രമങ്ങളെ ജനം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംവരണ പ്രക്ഷോഭം അക്രമാസക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. മന്ത്രിയും എൻ.സി.പി നേതാവുമായ ഹസൻ മുഷ്രിഫിന്റെ കാർ പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. അതിനു മുമ്പ് എൻ.സി.പി എം.എൽ.എയുടെ വീടിന് തീയിടുകയും ചെയ്തു.

മറാത്തവാഡ മേഖലയിലെ ജനപ്രതിനിധികൾക്ക് രാജിവെക്കാൻ സമരക്കാർ അന്ത്യശാസനം നൽകിയിരുന്നു. രണ്ട് എം.പിമാതും മൂന്ന് എം.എൽ.എമാരുമാണ് രാജി പ്രഖ്യാപിച്ചത്. രാജിക്ക് വഴങ്ങാത്ത ജനപ്രതിനിധികളുടെ വീടുകളും വാഹനങ്ങളുമാണ് സമരക്കാർ ആക്രമിക്കുന്നത്.

മഹാരാഷ്ട്ര സർക്കാർ മറാത്ത വിഭാഗത്തിന് സംവരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി വിധി കാരണം നടപ്പാകാതെ പോവുകയായിരുന്നു. സുപ്രീംകോടതി വിധി മറികടന്ന് സംവരണം നടപ്പാക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം കൊണ്ടുവരേണ്ടി വരും. മറാത്തയിലെ ഒരു വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സ്ഥിതിഗതികൾ ശാന്തമാക്കാനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഇതിന് ഒ.ബി.സി വിഭാഗം എതിരാണ്. മറാത്തകൾ സംയമനം പാലിക്കണമെന്ന് ഷിൻഡെ യോഗത്തിൽ ആവശ്യപ്പെട്ടു.

മറാത്ത സംവരണപ്രക്ഷോഭത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. അഞ്ച് മറാത്തവാഡ ജില്ലകളിൽ സർക്കാർ ബസ് സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാരുടെ വസതികൾ സമരക്കാർ ലക്ഷ്യം വെച്ച ബീഡിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇവിടെ ഇന്റർനെറ്റും നിരോധിച്ചു.

അതിനിടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ജാരംഗെ ആവശ്യപ്പെട്ടു. ഒരു നടപടിയുമില്ലെങ്കിൽ ജലപാനമടക്കം ഉപേക്ഷിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.


Tags:    
News Summary - Maratha quota: All party meeting urges activist Jarange to end indefinite fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.