മുംബൈ: ഉപാധികളോടെ ഉപവാസ സമരം അവസാനിപ്പിക്കാൻ സന്നദ്ധതയറിയിച്ച് മറാത്ത സംവരണപ്രക്ഷോഭ നേതാവ് മനോജ് ജരാൻഗെ പാട്ടീൽ. അഞ്ച് ഉപാധികളാണ് ഇതിനായി അദ്ദേഹം മുന്നോട്ടു വെച്ചത്.
30 ദിവസത്തിനകം മറാത്തകളെ ഒ.ബി.സി കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി സാക്ഷ്യപത്രം നൽകണം, സമരക്കാർക്കു നേരെ ലാത്തിച്ചാർജിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം, സമരക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, ഉപവാസ സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മറാത്ത ചക്രവർത്തി ശിവജിയുടെ പിൻഗാമി ഉദയൻ രാജെ ഭോസ്ലെ എന്നിവർ നേരിട്ടെത്തണം, ഇക്കാര്യങ്ങൾ സർക്കാർ രേഖാമൂലം ഉറപ്പുനൽകണം എന്നിവയാണ് ഉപാധികൾ.
സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 30 ദിവസത്തിനകം മറാത്തകൾക്ക് ഒ.ബി.സി കുൻഭിയിലുൾപ്പെടുത്തി സാക്ഷ്യപത്രം നൽകിയില്ലെങ്കിൽ 31ാം ദിവസം വീണ്ടും ഉപവാസ സമരം തുടരുമെന്ന് ജരാൻഗെ പാട്ടീൽ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലും തൊഴിലിലും മറാത്തകൾക്ക് സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 29നാണ് ജരാൻഗെ പാട്ടീൽ ജൽനയിൽ ഉപവാസം തുടങ്ങിയത്. നേരത്തേ രണ്ടു തവണ മഹാരാഷ്ട്ര സർക്കാർ മറാത്തകൾക്ക് 16 ശതമാനം സംവരണം ഏർപ്പെടുത്തിയെങ്കിലും മൊത്ത സംവരണ ശതമാനം 50 കടന്നതിനാൽ കോടതി റദ്ദാക്കുകയായിരുന്നു.
കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി മറാത്തകൾക്ക് സംവരണം നൽകുന്നതിനെ ഒ.ബി.സി സംഘടനകൾ എതിർക്കുന്നത് സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.