മുംബൈ: വാണിജ്യ തലസ്ഥാനത്തെ കാവിയിൽ പുതപ്പിച്ച് പടുകൂറ്റൻ മറാത്ത റാലി. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണവും മറാത്ത സമുദായക്കാരിയായ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് നീതിയും ആവശ്യപ്പെട്ടാണ് മറാത്ത സംഘടനകളുടെ സംയുക്ത വേദിയായ സകൽ മറാത്ത സമാജിനു കീഴിൽ എട്ടുലക്ഷത്തോളം പേർ അണിനിരന്ന നിശ്ശബ്ദ റാലി നടന്നത്.
ബുധനാഴ്ച രാവിലെ 11ന് ബൈക്കുളയിലെ ജിജാമാത ഉദ്യാനിൽനിന്നാരംഭിച്ച മാർച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിൽ വൈകീട്ട് അഞ്ചോടെയാണ് സമാപിച്ചത്. തിരക്കേറിയ മുംബൈ നഗരത്തിലെ റെയിൽ, റോഡ് ഗതാഗതം മാർച്ചിനെ തുടർന്ന് പൂർണമായി സ്തംഭിച്ചു. കാവിക്കൊടിയും കാവിത്തൊപ്പിയുമണിഞ്ഞ് അണിചേർന്ന പ്രക്ഷോഭകരുടെ നീണ്ട നിരയായിരുന്നു നഗരത്തിലെങ്ങും. ജെ.ജെ ഫ്ലൈഒാവറിലൂടെ റാലി നീങ്ങിയതിനാൽ ഇതിലൂടെയുള്ള ഗതാഗതം പൊലീസ് രാവിലെതന്നെ തടഞ്ഞു. ദക്ഷിണ മുംബൈയിലെ സ്കൂളുകൾക്ക് അവധി നൽകി. നഗരത്തിലെ പേരെടുത്ത ഭക്ഷണവിതരണക്കാരായ ഡബ്ബാവാലകളും റാലിയിൽ അണിചേർന്നു. മഹാരാഷ്ട്ര ജനസംഖ്യയിലെ 33 ശതമാനം വരുന്ന മറാത്തകൾ സംസ്ഥാനത്തെ വലിയ രാഷ്ട്രീയശക്തികൂടിയാണ്.
പാരമ്പര്യമായി കരിമ്പ് കർഷകർകൂടിയാണ് മറാത്തകൾ. കാർഷിക വായ്പ എഴുതിത്തള്ളണമെന്നതും ഇവരുടെ ആവശ്യമാണ്. റാലിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നിയമസഭയിലും വൻ പ്രതിഷേധം അരങ്ങേറി. ഇതേ തുടർന്ന് മൂന്നു പ്രാവശ്യം സഭ നിർത്തിവെച്ചു. എം.എൽ.എമാർ സഭക്ക് പുറത്തും പ്രക്ഷോഭകർക്ക് അനുകൂലമായി പ്രകടനം നടത്തി. തുടർന്ന് ഉച്ചയോടെ ഇവർ റാലിയിൽ അണിചേർന്നു. സംവരണം ആവശ്യപ്പെട്ട് മറാത്തകൾ ഇൗ വർഷം നടത്തുന്ന 58ാമത് റാലിയാണിത്.
ശക്തിപ്രകടനം ഫലംകണ്ടു; സംവരണം പിന്നാലെ
ന്യൂഡൽഹി: മറാത്ത സമുദായത്തിെൻറ ശക്തിപ്രകടനത്തിന് ഉടനടി ഫലം. പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ കൺെസഷൻ മറാത്ത സമുദായത്തിന് അനുവദിച്ചതിനൊപ്പം തൊഴിൽ സംവരണം പഠിക്കാൻ പിന്നാക്ക സമുദായ കമീഷനും രൂപവത്കരിച്ചു.
മറാത്ത സമുദായത്തിലെ കുട്ടികൾക്ക് ജില്ലകൾതോറും ഹോസ്റ്റൽ പണിയാൻ സ്ഥലവും അഞ്ചുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. കമീഷനോട് തൊഴിൽ സംവരണ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അത് ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച് സംവരണ പശ്ചാത്തലം അറിയാനും മുഖ്യമന്ത്രി നിർദേശിച്ചു. കൊപാർഡി കൂട്ടബലാത്സംഗ കേസ് നടപടികൾ വേഗത്തിൽ തീർപ്പാക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.