മുംബൈ: മറാത്ത സംവരണം നടപടികൾ പൂർത്തിയാക്കാൻ മഹാരാഷ്ട്ര സർക്കാറിന് ജനുവരി രണ്ടുവരെ സമയം നൽകി ജൽനയിൽ മനോജ് ജരാൻഗെ പാട്ടീൽ നടത്തിവരുന്ന ഉപവാസ സമരം നിർത്തിവെച്ചു.
സുപ്രീംകോടതിയിൽ മറാത്തകളുടെ പിന്നാക്കാവസ്ഥ ബോധിപ്പിക്കാൻ ആവശ്യമായ ഡേറ്റ ശേഖരണത്തിന് രണ്ടു മാസം സമയമെടുക്കുമെന്ന റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് എം.ജെ. ഗെയിക്വാദ്, ജസ്റ്റിസ് സുനിൽ ശുക്രെ എന്നിവരുടെ ഉപദേശം സ്വീകരിച്ചാണ് ഒമ്പത് ദിവസമായി തുടരുന്ന രണ്ടംഘട്ട ഉപവാസം പിൻവലിച്ചത്.
മറാത്ത സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ക്യുറേറ്റീവ് ഹരജിയിൽ ഉപദേശകരായി മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച സമിതി അംഗങ്ങളാണ് ഇരുവരും. ഇവരും മന്ത്രിമാരും വ്യാഴാഴ്ച ജരാൻഗെ പാട്ടീലിനെ കാണുകയായിരുന്നു. നിസാമുമാരുടെ കാലത്തെ ജാതി സർട്ടിഫിക്കറ്റുള്ളവരെമാത്രം കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒ.ബി.സി സംവരണം നൽകുന്നത് മറാത്തകൾക്കിടയിലെ വിഭജനമാകുമെന്ന് ജരാൻഗെ പാട്ടീൽ സർക്കാർ പ്രതിനിധികളോട് പറഞ്ഞു.
മറാത്ത സംവരണം കോടതി അംഗീകരിക്കണമെങ്കിൽ അവരുടെ പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്തണം. അതിനുവേണ്ട ഡേറ്റ സർവെയിലൂടെ ശേഖരിക്കണം. അതിനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് റിട്ട. ജഡ്ജിമാർ പറഞ്ഞു.
മറാത്ത സംവരണ പ്രക്ഷോഭം സംഘർഷമായി മാറുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അനുനയ ശ്രമം. മുംബൈ-ഗോവ ദേശീയപാതയിലടക്കം വ്യാഴാഴ്ചയും റോഡ് ഉപരോധം നടന്നെങ്കിലും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.