മുംബൈ: മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധി മഹാരാഷ്ട്ര രാഷ്ട്രീയത്തിലും പ്രതിധ്വനിക്കുന്നു. വിധിക്ക് പിന്നാലെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 'മറാത്ത ക്രാന്തി മോർച്ച' പ്രതിഷേധവുമായി രംഗത്തുവന്നു. സർക്കാർ കൊണ്ടുവന്ന സംവരണം കോടതിയിൽ സംരക്ഷിക്കുന്നതിൽ 'മഹാവികാസ് അഗാഡി' പരാജയപ്പെട്ടെന്ന് പറഞ്ഞ് ബി.ജെ.പി കരുനീക്കം തുടങ്ങി. വിധി നിർഭാഗ്യവും നിരാശജനകവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാഷ്ട്രപതി, പ്രധാനമന്ത്രിമാരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
2014 ൽ കോൺഗ്രസ്, എൻ.സി.പി സഖ്യ സർക്കാറാണ്, ഭരണ കാലാവധി അവസാനിക്കാൻ നേരത്ത് ആദ്യമായി മറാത്തകൾക്ക് സംവരണം ഏർപ്പെടുത്തിയത്. അത് ബോംബെ ഹൈകോടതി തടഞ്ഞു. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക രംഗത്തെ പ്രബല ശക്തിയാണ് സംസ്ഥാന ജനസംഖ്യയിലെ 32 ശതമാനം വരുന്ന മറാത്തകളെന്നാണ് കോടതി പറഞ്ഞത്. തൊട്ടുപിന്നാലെ ദേവേന്ദ്ര ഫഡ്നാവിസിൻെറ നേതൃത്വത്തിൽ വന്ന ബി.ജെ.പി, ശിവസേന സഖ്യ സർക്കാറാണ് മറാത്തകളെ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി വീണ്ടും സംവരണം നൽകിയത്. ഇരു സഭകളിലും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണച്ചു. 'മറാത്താ ക്രാന്തി' ആദ്യം നിശ്ശബ്ദമായും പിന്നീട് പ്രക്ഷോഭങ്ങളിലൂടെയും രംഗത്ത് വന്നതോടെയായിരുന്നു ഇത്. ജസ്റ്റിസ് എൻ.ജി ഗെയിക്വാദ് അധ്യക്ഷനായ സമിതിയുടെ ശിപാർശയെ തുടർന്ന് മഹാരാഷ്ട്ര സാമൂഹിക-വിദ്യാഭ്യാസ പിന്നാക്ക നിയമ പ്രകാരമാണ് 16 ശതമാനം സംവരണം ഏർപ്പെടുത്തിയത്. മൊത്തം സംവരണ പരിധിയായ 50 ശതമാനം കവിയുന്നതായിരുന്നു ഇത്. പിന്നീട് സുപ്രീം കോടതി സംവരണം സ്റ്റേചെയ്യുകയായിരുന്നു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഗതി നിയന്ത്രിക്കാൻ പ്രബലരാണ് മറാത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.