ന്യൂഡൽഹി: കഞ്ചാവ് വിൽപനക്കുള്ള മാധ്യമമായി ഇകൊമേഴ്സ് ഭീമൻമാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം വേണമെന്ന് ആവശ്യം. സംഭവത്തിൽ എൻ.സി.ബി ഇടപെടണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസാണ് രംഗത്തെത്തിയത്.
മധ്യപ്രദേശിൽ കഞ്ചാവ് കച്ചവടത്തിനുള്ള മാധ്യമമായി ആമസോണിനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത്തരം വിൽപ്പനക്കെതിരെ അന്വേഷണം വേണം -വ്യാപാരി യൂണിയൻ സെക്രട്ടറി ജനറൽ പ്രവീൻ ഖണ്ഡേൽവാൾ ആവശ്യപ്പെട്ടു.
ഭിന്ദ് ജില്ലയിലെ വഴിയോര ഭക്ഷണശാലയിൽനിന്ന് മധ്യപ്രദേശ് പൊലീസ് 20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണത്തിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കാൻ ആമസോണിനെ ഉപയോഗിച്ചുവെന്ന് അവർ വെളിപ്പെടുത്തി.
'ആമസോണിലൂടെ നാലുമാസത്തോളം അവർ 1000 കിലോ കഞ്ചാവ് ഇത്തരത്തിൽ കടത്തി. 1.10 കോടി രൂപ വരും ഇതിന്‍റെ വിപണിമൂല്യം' -ഭിന്ദ് ഡി.എസ്.പി മനോജ് കുമാർ സിങ് പറഞ്ഞു.
പിടിയിലായ രണ്ടുപേരും കഞ്ചാവ് മാഫിയയുടെ ഭാഗമാണെന്നും നാലുപ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ആറുപേരെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കറിവേപ്പില എന്ന പേരിലാണ് ഇവർ ആമസോണിലൂടെ കഞ്ചാവ് കടത്തിയത്. ഭിന്ദ്, ആഗ്ര, ഡൽഹി, ഗ്വാളിയാർ, കോട്ട എന്നിവിടങ്ങളിലെ ഏജന്‍റുമാർക്ക് ഇവ എത്തിക്കും.
സംഭവത്തിൽ ആമസോണിന്‍റെ പ്രദേശിക എക്സിക്യൂട്ടീവിന് സമൻസ് അയച്ചതായാണ് വിവരം. അതേസമയം, വിൽപ്പനക്കാരന്‍റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോയെന്ന് കമ്പനി പരിശോധിക്കുമെന്ന് ആമസോൺ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.