ലഖ്നോ: ഉത്തർപ്രദേശിൽ കേന്ദ്ര സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ ഭാര്യമാർക്കെതിരെ പരാതിയുമായി ഭർത്താക്കന്മാർ. മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 ഓളം സ്ത്രീകളാണ് പദ്ധതിയെ ദുരുപയോഗം ചെയ്ത് നാടുവിട്ടത്. പദ്ധതി പ്രകാരം ലഭിക്കുന്ന ആദ്യ ഗഡു തുകയായ 40,000 രൂപ കൈപ്പറ്റിയ ശേഷം ഇവർ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതായാണ് റിപ്പോർട്ട്. ഭാര്യമാർ കാമുകൻമാർക്കൊപ്പം ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അടുത്തിടെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ 2,350 ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരം പണം ലഭിച്ചതായാണ് റിപ്പോർട്ട്. തുത്തിബാരി, ശീത്‌ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മെധൗലി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ.
എന്നാൽ പരാതികൾ ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ രണ്ടാം ഗഡുവിന്റെ വിതരണം നിർത്തിവെച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
നിർധന-ഇടത്തം കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകുന്നുണ്ട്. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടായാൽ ഗുണഭോക്താക്കളിൽ നിന്നും അധികാരികൾക്ക് പണം തിരികെ ചോദിക്കാനാകും.
കഴിഞ്ഞ വർഷവും പി.എം.എ.വൈ പദ്ധതി പ്രകാരം പണം കൈപ്പറ്റിയ ശേഷം സ്ത്രീകൾ കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.