ധർ (മധ്യപ്രദേശ്): കമാൽ മൗല പള്ളി സമുച്ചയത്തിൽ നടത്തുന്ന സർവേയിൽ 2003ന് ശേഷം സമുച്ചയത്തിൽ സ്ഥാപിച്ച വസ്തുക്കൾ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അബ്ദുൽ സമദ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തയച്ചു. എതിർപ്പുകൾ ഇ-മെയിലായി അധികൃതർക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
സർവേക്കിടെ ഹാജരായ മസ്ജിദ് വെൽഫെയർ സൊസൈറ്റിയുടെ ഏക പ്രതിനിധി താനാണ്. എ.എസ്.ഐ സംഘം പരിശോധന പല സ്ഥലത്തായി വ്യാപിപ്പിക്കുന്നതിന് പകരം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കണമെന്നാണ് തന്റെ വാദമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിൽ വെള്ളിയാഴ്ച ആരംഭിച്ച സർവേ തുടരുകയാണ്. ഹിന്ദു വിഭാഗത്തിന്റെ ഹരജിക്കാരായ ആശിഷ് ഗോയൽ, ഗോപാൽ ശർമ എന്നിവരും സമുച്ചയത്തിലെത്തിയിരുന്നു.
മധ്യകാലഘട്ടത്തിൽ നിർമിച്ച കമാൽ മൗല ഭോജ്ശാല സമുച്ചയത്തിൽ എ.എസ്.ഐ സർവേക്ക് നിർദേശിച്ച് മാർച്ച് 11നാണ് മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടത്. ആറാഴ്ചക്കകം ശാസ്ത്രീയ സർവേ നടത്തി സമുച്ചയം സംബന്ധിച്ച കാര്യങ്ങളിലെ സംശയം ദൂരീകരിക്കണമെന്നായിരുന്നു നിർദേശം. മുസ്ലിംകളും ഹിന്ദുക്കളും ആരാധനകേന്ദ്രമായി കരുതുന്ന സ്ഥലമാണിത്. വെള്ളിയാഴ്ചകളിൽ മുസ്ലിംകൾ നമസ്കാരവും ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾ പൂജയും നടത്തുന്നതാണ് 2003 മുതലുള്ള രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.