ബുലന്ദേശ്വർ: പൊലീസിനെതിരെ മുദ്രാവാക്യംവിളിച്ച ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ പാഠംപഠിപ്പിച്ച യു.പിയിലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ അടക്കം സ്ഥലംമാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 150ലേറെ ഉദ്യോഗസ്ഥരെ മാറ്റി വൻ അഴിച്ചുപണിയാണ് പൊലീസിൽ നടത്തുന്നത്.
ബുലന്ദേശ്വറിലെ സയാന സര്‍ക്കിളിലെ പൊലീസ് ഉദ്യോഗസ്ഥ ശ്രേഷ്ഠ ഠാകുറിനെ ബഹ്റൈച്ചിലേക്കാണ് മാറ്റിയത്. ഇവർക്കെതിരെ നടപടിയെടുത്തേതീരൂവെന്ന ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണിത്. ഇൗ വിഷയത്തിൽ ഏതാനും ബി.ജെ.പി എം.എൽ.എമാരും എം.പിയും ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റി ഉത്തരവായത്. നടപടിയിലൂടെ പാർട്ടിപ്രവർത്തകരുടെ അഭിമാനം സംരക്ഷിച്ചെന്നാണ് ബി.ജെ.പി സിറ്റി പ്രസിഡൻറ് മുകേഷ് ഭരദ്വാജ് പ്രതികരിച്ചത്.
ജൂണ്‍ 22നായിരുന്നു ബി.ജെ.പിയുടെ ജില്ല നേതാവ് പ്രമോദ് ലോധിയെ ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിെൻറ പേരില്‍ പൊലീസ് പിടികൂടിയത്. 200 രൂപ പിഴ ചുമത്തിയപ്പോൾ താൻ ബി.ജെ.പി നേതാവാണെന്നും ഭാര്യ ബുലന്ദേശ്വർ ജില്ല പഞ്ചായത്ത് അംഗമാണെന്നും ഇയാള്‍ വാദിച്ചു. പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ബി.ജെ.പി പ്രവർത്തകരെ വിളിച്ചുകൂട്ടുകയും ചെയ്തു.
പൊലീസിനെതിരെ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഇറങ്ങി. എന്നാൽ, ശ്രേഷ്ഠ ഠാകുര്‍ പ്രവര്‍ത്തകർക്ക് ചുട്ട മറുപടിനല്കി. ഇതിെൻറ വിഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘‘നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തുപോകൂ. വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല’’ എന്നായിരുന്നു ഇവരുടെ വാക്കുകൾ.അതേസമയം, സ്ഥലംമാറ്റം സ്വീകരിക്കുന്നുവെന്ന് അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.