ന്യൂഡൽഹി: തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ ആവശ്യം അംഗീകരിച്ച് മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേ നടത്താൻ ഉത്തർപ്രദേശ് കോടതി ഉത്തരവിട്ടു. 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതിക്കു വിരുദ്ധമായി രാജ്യത്ത് ഒരു ആരാധനാലയത്തിനു മേലും അവകാശവാദമുന്നയിക്കരുതെന്ന 1991ലെ ആരാധനാലയ നിയമപ്രകാരം മഥുര സിവിൽ കോടതി നിയമവിരുദ്ധമാണെന്നു കണ്ട് തള്ളിയ ഹിന്ദുസേനയുടെ ആവശ്യമാണ് ഇപ്പോൾ കോടതി അനുവദിച്ചത്.
വുദുഖാനയിലെ ജലധാര ‘ശിവലിംഗം’ ആണെന്ന് അവകാശപ്പെട്ട വാരാണസി ഗ്യാൻവാപി പള്ളിയിലെ സർവേ പോലൊന്ന് നടത്താനാണ് പുരാവസ്തു വകുപ്പിനുള്ള ഉത്തരവ്. ജനുവരി രണ്ടിന് സർവേ തുടങ്ങാൻ നിർദേശിച്ച കോടതി 20ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
ഗ്യാൻവാപി പള്ളിയിലേതുപോലുള്ള പുരാവസ്തു വകുപ്പ് സർവേ മഥുര ശാഹി ഈദ്ഗാഹ് പള്ളിയിലും നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്. ശാഹി ഈദ്ഗാഹ് മസ്ജിദ് ക്ഷേത്രഭൂമിയിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഉണ്ടാക്കിയതാണെന്നും പള്ളി അവിടെനിന്ന് പൂർണമായും നീക്കംചെയ്ത് ക്ഷേത്രത്തിന് വിട്ടുനൽകണമെന്നുമാണ് ഹരജിയിലുള്ളത്.
ജനുവരി 20ന് കേസിൽ അടുത്ത വാദം കേൾക്കും. കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് 17-ാം നൂറ്റാണ്ടിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിർമ്മിച്ചതെന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം.
1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിൽ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് വിഷ്ണു ഗുപ്തയുടെ ഹരജിയിൽ ആരോപിക്കുന്നു.
1947 ആഗസ്ത് 15 ന് നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി നിലനിർത്തണമെന്നാണ് 1991 ആരാധനാലയ നിയമം പറയുന്നതെന്നും അതിനാൽ ഈ ഹരജി അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ മഥുരയിലെ സിവിൽ കോടതി നേരത്തെ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.