ന്യൂഡൽഹി: വെള്ളിയാഴ്ച നടക്കേണ്ട പ്രതിപക്ഷ പാർട്ടികളുടെ മെഗാ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി എന്നിവർ പങ്കെടുക്കില്ല. കോവിഡ് പ്രതിസന്ധിയും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാനായി കോൺഗ്രസാണ് മെഗാ യോഗത്തിനായി 18 പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ചത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഇടത് പാർട്ടികൾ, യു.പി.എ ഘടകകക്ഷികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമായ മൂന്ന് പാർട്ടികളും നിലവിൽ കോൺഗ്രസുമായി അത്ര സ്വരച്ചേർച്ചയിലല്ല. വൈകീട്ട് മൂന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെ ചേരുന്ന യോഗത്തിന് എ.ഐ.സി.സി ഇടക്കാല പ്രസിഡൻറ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും.
മമതാ ബാനർജിയും ഇടത് നേതാക്കളും ക്ഷണം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. 35 വർഷത്തോളം ബി.ജെ.പി ഘടകകക്ഷിയായിരുന്ന ശിവസേന ആദ്യമായാണ് ഐക്യപ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നത്. ലോക്ഡൗൺ പ്രതിസന്ധികൾക്കൊപ്പം മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്ര സർക്കാറിൻെറ വീഴ്ചകളും ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം കുറക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് എന്നിവയടക്കം ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.