മുംബൈ: റെയിൽവേ പ്ലാറ്റ്ഫോമിൽ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച റെയിൽവേ ജീവനക്കാരനായ മയൂർ ശഖറാം ഷെൽക്കെ വീണ്ടും വാർത്തകളിൽ നിറയുന്നു. തന്‍റെ ധീരകൃത്യത്തെ അഭിനന്ദിച്ച് റെയിൽേവ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയിൽ പകുതി തുക, ട്രാക്കിൽ വീണുപോയ ബാലനും അവന്‍റെ അന്ധയായ മാതാവിനും നൽകാനാണ് ഷെൽക്കെയുടെ തീരുമാനം. സോഷ്യൽ മീഡിയയിലടക്കം ആളുകൾ മയൂറിന്‍റെ ഈ നന്മയെ നിറഞ്ഞ കൈയടികേളാടെയാണ് സ്വീകരിക്കുന്നത്.
'കോവിഡിന്‍റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ സന്ദർഭത്തിൽ എനിക്ക് പണമായി സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ ചെക്കായി നൽകിയാൽ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവർക്കും കൈമാറും' - സാമൂഹിക മാധ്യമത്തിൽ മയൂർ പോസ്റ്റ് ചെയ്തു. റെയിൽവേ നൽകിയ തുകയുടെ പകുതി കുടുംബത്തിന് നൽകുമെന്നും പോയിൻറ്സ്മാനായി ജോലി ചെയ്യുന്ന മയൂർ അറിയിച്ചു.
ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
റെയിൽവെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽതെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിൻ, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.
തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെൽക്കയുടെ പ്രതികരണം. പുണെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിലാണ് റെയിൽെവയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.