ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ബി.െജ.പിയിൽ അതൃപ്തി ശക്തമാകുന്നു. അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അക്ബറിനെതിരെ മാധ്യമരംഗത്തെ ഏഴു പേർ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്.
അതേസമയം, നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താൻ അക്ബറിനോട് സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. അക്ബറിന്റെ വിശദീകരണം കേട്ട ശേഷം രാജി അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നാളെ വൈകീട്ടോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രമുഖരുടെ പേര് വെളിപ്പെടുത്തി രാജ്യത്തെ പിടിച്ചുലച്ച കാമ്പയിനാണ് ഒടുവിൽ മോദി മന്ത്രിസഭയിലെ അംഗത്തെയും പിടികൂടിയത്. മാധ്യമപ്രവർത്തകനായിരിക്കെ എം.ജെ. അക്ബർ നിരവധി വനിത സഹപ്രവർത്തകർക്കു നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങളാണ് ഇപ്പോൾ ‘മി ടൂ’ കാമ്പയിനിലൂടെ പുറത്തുവരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ അക്ബറിെൻറ ലൈംഗിക അതിക്രമത്തെക്കുറിച്ച് പ്രിയ രമണി ലേഖനമെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശക്തിപ്പെട്ട ‘മി ടൂ’ കാമ്പയിെൻറ ഭാഗമായി ‘താനെഴുതിയ ആൾ അക്ബറാണെ’ന്ന് പ്രിയ ട്വിറ്ററിൽ വെളിപ്പെടുത്തുകയായിരുന്നു. മുംബൈയിൽ അഭിമുഖത്തിനെന്നു പറഞ്ഞ് തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് അക്ബർ വിളിച്ചുവെന്നും ഒടുവിൽ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
‘ദ വയറി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് അക്ബറിനെതിരായ മാധ്യമപ്രവർത്തക ഗസാല വഹാബിെൻറ വെളിപ്പെടുത്തൽ നടത്തിയത്. വിഗ്രഹമായി കൊണ്ടുനടക്കുന്ന ആളില്‍ ഒരു മൃഗമുണ്ടെന്ന് ലോകത്തോട് തുറന്നു പറയാനാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ഗസാല വ്യക്തമാക്കി. ഡല്‍ഹിയിലെ ഏഷ്യന്‍ ഏജിെൻറ ഓഫിസില്‍ ജോലി ചെയ്തിരുന്ന കാലത്ത് എപ്പോഴും എം.ജെ. അക്ബര്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഗസാല വെളിപ്പെടുത്തി.
1997ലെ ആറു മാസക്കാലം സ്വന്തം വ്യക്തിത്വത്തെ നിര്‍വചിക്കാനാവുന്നില്ല. ആദ്യ രണ്ടുവര്‍ഷത്തില്‍ അദ്ദേഹത്തിെൻറ ശ്രദ്ധ എന്നില്‍ പതിഞ്ഞിരുന്നില്ല. എന്നാൽ, മൂന്നാം വര്‍ഷം അക്ബറിെൻറ കണ്ണ് എന്നില്‍ വീണു. പലതവണ അതിക്രമത്തില്‍നിന്ന് കുതറിയോടിയെന്നും ഒരു തവണ സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് കീഴടക്കാന്‍ ശ്രമിച്ചുവെന്നും ഗസാല വഹാബ് വ്യക്തമാക്കിയിരുന്നു.
പ്രേരണ സിങ് ബിന്ദ്ര, ഹരീന്ദർ ബവേജ, ഷുമ റാഹ, സുജാത ആനന്ദൻ, തേജസ്വി ഉഡുപ എന്നിവരും സമാന പരാതികളുമായി അക്ബറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘ദ ടെലിഗ്രാഫ്’ സ്ഥാപക പത്രാധിപരും ‘ഏഷ്യൻ ഏജ്’ സ്ഥാപകനുമാണ് എം.ജെ. അക്ബർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.