മീഡിയവൺ വിലക്ക്​: സു​പ്രീം കോടതി ഇന്ന്​ വിശദമായ വാദം കേൾക്കും

ന്യൂഡൽഹി: ചാനൽ വിലക്ക്​ സംബന്ധിച്ച്​ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും. സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ചാനൽ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. ഹൈകോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്.

ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്നാണ്​ കോടതി അറിയിച്ചിട്ടുള്ളത്​. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ ഹാജരായിരുന്നില്ല.

Tags:    
News Summary - MediaOne ban: The Supreme Court will hear detailed arguments today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.