ന്യൂഡൽഹി: മെഡിക്കൽ-ഡെന്റൽ കോളജുകളിൽ യു.ജി കോഴ്സുകൾക്കായുള്ള 15 ശതമാനം എൻ.ആർ.ഐ ക്വോട്ടയുടെ നിർവചനം വികസിപ്പിച്ച പഞ്ചാബ് സർക്കാർ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ‘ഈ തട്ടിപ്പ് ഇതോടെ അവസാനിക്കണമെന്ന്’ പരാമർശിച്ചാണ് കോടതി അപ്പീൽ തള്ളിയത്.
സെപ്റ്റംബർ പത്തിനാണ് ആപ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ എൻ.ആർ.ഐ ക്വോട്ട നിർവചനം പഞ്ചാബ്-ഹരിയാന ഹൈകോടതി റദ്ദാക്കിയത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അകന്ന ബന്ധുക്കളായാലും ക്വോട്ട അനുവദിക്കുന്നതായിരുന്നു സർക്കാർ തീരുമാനം. ഇത് പണമുണ്ടാക്കൽ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ‘ഈ എൻ.ആർ.ഐ വ്യാപാരം തട്ടിപ്പാണ്. അത് ഞങ്ങൾ അവസാനിപ്പിക്കുന്നു’.-കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കേസിലെ ഹൈകോടതി വിധി പൂർണമായും ശരിയാണെന്ന് ഉന്നത കോടതി വ്യക്തമാക്കി. ‘‘ഇത് നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർക്കണം. മൂന്ന് മടങ്ങ് വരെ കൂടുതൽ മാർക്കുള്ള വിദ്യാർഥികൾക്ക് നീറ്റ് -യു.ജിയിൽ പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ടാകും. വിദേശത്ത് താമസമുറപ്പിച്ച അമ്മാവനും അമ്മായിയുമൊക്കെ ഉള്ളവർ മെറിറ്റുള്ള വിദ്യാർഥികളെ മറികടന്ന് പ്രവേശനം നേടും. ഇത് അനുവദിക്കാനാകില്ല.’’ -സുപ്രീംകോടതി വ്യക്തമാക്കി.
ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളും എൻ.ആർ.ഐ ക്വോട്ട വിശാല അർഥത്തിലാണ് നിർവചിക്കുന്നതെന്ന് പഞ്ചാബിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശദാൻ ഫറാസത് കോടതിയിൽ പറഞ്ഞു. 15 ശതമാനം എൻ.ആർ.ഐ ക്വോട്ട എങ്ങനെ നൽകണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സംസ്ഥാനങ്ങൾക്കുണ്ടെന്ന് അദ്ദേഹം തുടർന്നു. ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലും വരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനാണ് ആദ്യം എൻ.ആർ.ഐ ക്വോട്ട കൊണ്ടുവന്നതെന്ന കാര്യം നേരത്തേ കേസ് പരിഗണിച്ച ഹൈകോടതി പറഞ്ഞിരുന്നു. ഇതിൽ അമ്മാവനെയും അമ്മായിയെയും മുത്തച്ഛനെയും അമ്മാവന്റെ മക്കളെയുമെല്ലാം ഉൾപ്പെടുത്തിയതോടെ എൻ.ആർ.ഐ ക്വോട്ടയുടെ പ്രധാന ലക്ഷ്യത്തിൽ വെള്ളം ചേർക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.