ചെന്നൈ: ചന്ദ്രയാൻ-2 ദൗത്യത്തിെൻറ ലാൻഡർ ‘വിക്രം’ കണ്ടെത്താൻ മധുര സ്വദേശിയും കമ്പ്യൂട്ടർ എൻജിനീയറുമായ ഷൺമുഖ സുബ്രമണ്യന്‍ സഹായകമായത് ചെറുപ്പം മുതൽ ബഹിരാകാശ ശാസ്ത്രത്തിലുള്ള താൽപര്യം.
നാസയുടെ ബഹിരാകാശ വാഹനം പകർത്തിയ ചിത്രങ്ങൾ രണ്ട് ലാപ്ടോപുകൾ ഉപയോഗിച്ച് മണിക്കൂറുകൾ വിശകലനം ചെയ്യാനും ഓരോ പിക്സലും എടുത്തെടുത്ത് നോക്കി ഉറപ്പുവരുത്താൻ മണിക്കൂറുകൾ ചെലവഴിക്കാനും സഹായിച്ചത് ഈ താൽപര്യമാണ്. തിരുനൽവേലി ഗവ. എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഷൺമുഖൻ 12 വർഷമായി ചെന്നൈയിലെ െഎ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്.
ട്വിറ്ററിലൂടെ ‘നാസ’ പുറത്തുവിട്ട വിവിധ ചിത്രങ്ങൾ വിശകലനം ചെയ്യുകയും ഓരോ ചിത്രത്തിലെ വ്യത്യാസങ്ങൾ അടയാളപ്പെടുത്തുകയും ചെയ്താണ് ലാൻഡറിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാസക്കുപോലും സാധിക്കാത്തതാണ് ഷൺമുഖന് കഴിഞ്ഞതെന്ന് നാസയിലെ ശാസ്ത്രജ്ഞനായ നോഹ പെട്രോ അഭിപ്രായപ്പെട്ടു. ചിത്രത്തിെൻറ ഒാരോ പിക്സലും പഠനവിധേയമാക്കിയാണ് ഷൺമുഖൻ നിഗമനത്തിലെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഡാറ്റകളും ചിത്രങ്ങളും നാസ പൊതുജനമധ്യത്തിൽ പുറത്തുവിട്ടതിനാലാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായതെന്നും, െഎ.എസ്.ആർ.ഒയും വിവരങ്ങൾ പുറത്തുവിടാൻ തയാറാവണമെന്നും ഷൺമുഖ സുബ്രമണ്യൻ അഭ്യർഥിച്ചു.
ബഹിരാകാശ ശാസ്ത്രത്തോടൊപ്പം കാലാവസ്ഥ നിരീക്ഷണത്തിലും ഷൺമുഖം ഏറെ തൽപരനാണ്. ഫേസ്ബുക്കിൽ ‘ചെന്നൈ റെയിൻസ് ലൈവ്’ എന്ന പേജിലൂടെ ഉപഗ്രഹ ചിത്രങ്ങളും റഡാർ ഡാറ്റയും വിശകലനം ചെയ്ത് ചെന്നൈ നഗരത്തിലെ കാലാവസ്ഥ പ്രവചനവും മഴ മുന്നറിയിപ്പും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.