മീററ്റ്: ഉത്തർപ്രദേശിലെ കൃഷിഭൂമികളെല്ലാം ഇപ്പോൾ പെൺകരുത്തിെൻറ വിയർപ്പുതുള്ളികൾ വീണ് ആർദ്രമായിരിക്കുകയാണ്. കൊലുസിട്ട കാലുകളിൽ ചളി പുരണ്ടിരിക്കുന്നു. കരിവളയിട്ട കൈകൾ ട്രാക്ടറുകളുടെ വളയം പിടിച്ചു കരുത്തോടെ മുന്നേറുകയാണ്. വരുംതലമുറയുടെ കൂമ്പു വാടാൻ ഇടവരുത്തുന്ന വിവാദ കാർഷിക ബില്ലിനെ മുളയിലേ നുള്ളാൻ നാട്ടിലെ ആണുങ്ങളെല്ലാം വൻ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് വണ്ടി കയറിയതോടെയാണ് അടുക്കള ഭരണം വിട്ട് ഇവർ കൃഷിഭൂമിയിലിറങ്ങിയത്.
ഗസ്പുർ ഗ്രാമത്തിലെ ഒരു കരിമ്പു തോട്ടത്തിൽ ട്രാക്ടർ ഓടിക്കുന്നത് 23കാരിയായ നിഷു ചൗധരിയാണ്. ഫിസിക്കൽ എജുക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ് നിഷു. കോവിഡ് വ്യാപിച്ചതോടെയാണ് ഇവൾ കോളജ് വിട്ട് വീട്ടിലെത്തിയത്. പിതാവിനൊപ്പം സഹോദരങ്ങൾകൂടി പ്രതിഷേധ സമരത്തിെൻറ ഭാഗമായതോടെയാണ് കൃഷിഭൂമിയുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തത്. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് വിളവെടുപ്പ് പൂർത്തിയായെങ്കിലും യു.പിയിൽ കരിമ്പു വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടേയുള്ളൂ. അതോടൊപ്പം ഗോതമ്പ് കൃഷിയിറക്കേണ്ട സമയവുമാണ്. കൃഷിഭൂമിയെല്ലാം പാകപ്പെടുത്തേണ്ട സമയം. പക്ഷേ, അപ്രതീക്ഷിതമായാണ് സമരം ശക്തമായത്. അതോടെ അമ്മക്കും സഹോദരിക്കുമൊപ്പം കൃഷിയുടെ ചുമതല ഏറ്റെടുക്കേണ്ടിവന്നു. അതുവഴി പിതാവിനും സഹോദരങ്ങൾക്കും പിന്തുണ നൽകാനായി. സമരം എത്രകാലം നീണ്ടുനിൽക്കുമെന്നറിയില്ല. മൂന്നോ നാലോ മാസം എടുത്തേക്കാം. എങ്കിലും അതിനായി എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ട് -നിഷു ചൗധരി പറഞ്ഞു.
ഗസ്പുരിൽനിന്ന് അഞ്ച് കിലോമീറ്റർ മാറി ദൗറല ഗ്രാമത്തിലും ഇതേ കാഴ്ച കാണാനാവും. 55കാരിയായ മുകേഷ് ദേവിയെന്ന വീട്ടമ്മയും കൃഷിഭൂമിയിൽ തിരക്കിട്ട ജോലിയിലാണ്. രാജ്യത്തെ കർഷകരെ സംബന്ധിച്ച് നിർണായകമായ സമയമാണിതെന്ന് അവർക്കറിയാം. ഇത് ഇപ്പോൾ തടഞ്ഞില്ലെങ്കിൽ വരുംതലമുറ അനുഭവിക്കേണ്ടിവരുമെന്ന് മുകേഷ് ദേവി പറഞ്ഞു. റായ്പുർ ഗ്രാമത്തിലെ സുമിത്ര ദേവിയുടെയും നിലപാട് ഇതുതന്നെയാണ്. കൃഷിഭൂമിയിൽ പണിയെടുക്കാൻ പണിക്കാരുണ്ട്. എങ്കിലും മേൽനോട്ടത്തിന് ഒരാൾ വേണം. ഭർത്താവിന് പകരം അത് താൻ ചെയ്യുന്നു -സുമിത്ര പറഞ്ഞു.
ഉത്തർപ്രദേശിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് കരിമ്പുകൃഷി. പ്രതിവർഷം 50,000 കോടിയുടെ വരുമാനമാണ് കരിമ്പു കൃഷിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.