ഭർത്താവിന്​ ഭക്ഷണത്തിൽ ആർത്തവ രക്​തം കലർത്തി നൽകി; അന്വേഷണത്തിന്​ പ്രത്യേക മെഡിക്കൽ ബോർഡ്​

കുടുംബവഴക്കിനിടെ ഭാര്യ ചെയ്​ത കടുംകൈയിൽ ഞെട്ടിയിരിക്കുകയാണ്​ ഭർത്താവിന്‍റെ കുടുംബം. തനിക്കും കുടുംബത്തിനും ഭാര്യ ഭക്ഷണത്തിൽ ആർത്തവ രക്​തം കലർത്തി നൽകി എന്ന്​ കാണിച്ചാണ്​ ഭർത്താവ്​ പൊലീസിനെ സമീപിച്ചിരിക്കുന്നത്​. ഗാസിയാബാദിലാണ്​ സംഭവം. ഒരു വർഷം മ​ുമ്പ്​ ലഭിച്ച പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിരിക്കുകയാണ്​ ഇപ്പോൾ. ഒരുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് പൊലീസിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്. ആർത്തവ രക്​തം കഴിക്കാൻ നൽകിയതു കൂടാതെ ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ ആഭിചാര പ്രക്രിയകളും നടത്തുന്നു എന്നാണ്​ ഗുരുതര ആരോപണം. ഇത്​ സംബന്ധിച്ചും അന്വേഷണം ഉണ്ട്​.

ഒരു ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. പരാതിക്കാരന്‍ ഹാജരാക്കിയ വിവിധ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിക്കും. 2020 ജൂണ്‍ 12നാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പൊലീസിനെ സമീപിച്ചത്. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

ഇതിന് തെളിവായി ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. ഇയാളുടെ പരാതിയില്‍ കാവി നഗര്‍ പൊലീസാണ് കുറ്റപത്രം തയ്യാറാക്കിയത്​. ക്രിമിനല്‍ ഗൂഢാലോചന, വിഷവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. 2015ലാണ് പരാതിക്കാരന്‍ വിവാഹിതനായത്. ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്. ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുടുംബത്തിന്‍റെ താമസം. എന്നാല്‍ ഇവിടെനിന്ന് മാറിതാമസിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.

വഴക്ക് പതിവായതോടെ ഭർത്താവിന്‍റെ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് താമസം മാറി. ഇതിനുപിന്നാലെയാണ് രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയത്. ഭാര്യയും അവരുടെ മാതാവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടിരുന്നു. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തില്‍ രക്തം കലര്‍ത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുര്‍മന്ത്രവാദം നടത്താന്‍ ഇവരാണ് ഭാര്യയെ പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്. ജില്ലാ ഭരണകൂടത്തിന്​ ഭർത്താവ്​ കേസ്​ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്​ പരാതി നൽകിയിരുന്നു.

തുടർന്നാണ്​ പൊലീസ്​ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്​. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് കത്തെഴുതുകയും കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മെഡിക്കൽ പാനൽ ഇയാൾ സമർപ്പിച്ച പരിശോധനാ റിപ്പോർട്ടുകൾ പരിശോധിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കുമെന്ന് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    
News Summary - Menstrual blood in food? Medical board to probe Ghaziabad man's claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.