ബംഗളൂരു: കുടകിലെ വീരാജ് പേട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാര ബാധിതനായ 50കാരൻ മരിച്ചത് പൊലീസ് മർദനത്തെത്തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആന്തരികാവയവങ്ങൾക്ക് സാരമായ കേടുസംഭവിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് മർദനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന സി.ഐ.ഡിക്ക് കൈമാറി. ചിക്ക്പേട്ട് സ്വദേശിയായ റോയ് ഡിസൂസയാണ് (50) മരിച്ചത്. റോയ് ഡിസൂസയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ വീരാജ്പേട്ട് സ്റ്റേഷനിലെ എട്ടു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് മർദനത്തിൽ അബോധാവസ്ഥയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കിടന്നിരുന്ന റോയിയെ മാതാവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രാത്രി വീട്ടിൽനിന്ന് കത്തിയുമായി ഇറങ്ങിയ റോയിയെ റോഡരികിൽ വെച്ച് പൊലീസ് തടഞ്ഞത്. ചോദ്യം ചെയ്ത പൊലീസ് കോൺസ്റ്റബിൾ സംഘമേഷിനെ ഇയാൾ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
കൈക്ക് പരിക്കേറ്റ കോൺസ്റ്റബിൾ സ്റ്റേഷനിലേക്ക് ഒാടി രക്ഷപ്പെട്ടു. ഇതിനുശേഷം സ്റ്റേഷനിലുള്ള പൊലീസുകാരെത്തി റോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിെച്ചന്നാണ് പരാതി.
വ്യാഴാഴ്ച പുലർച്ചെ റോയിയുടെ മാതാവിനെ വിളിച്ചുവരുത്തി റോയിയെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ റോയിയുടെ സഹോദരൻ റോബിൻ ഡിസൂസയുടെ പരാതിയെത്തുടർന്നാണ് കസ്റ്റഡി മരണത്തിൽ സി.ഐ.ഡി അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.