ന്യൂഡൽഹി: സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണം.
ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ശനിയാഴ്ച എം.വി. കെം പ്ലൂട്ടോ എന്ന കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. തീയണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനം നിലച്ചു. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.ലൈബീരിയൻ പതാകയുള്ള കപ്പൽ ഇസ്രായേൽ ബന്ധമുള്ള കമ്പനിക്ക് കീഴിലാണെന്ന് റിപ്പോർട്ടുണ്ട്. ഗുജറാത്ത് തീരത്ത് പട്രോളിങ് നടത്തുന്ന ഐ.സി.ജി.എസ് വിക്രം കോസ്റ്റ്ഗാർഡ് കപ്പലിനോട് സംഭവസ്ഥലത്തേക്ക് തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിൽപെട്ട കപ്പലിലുള്ളവർക്ക് സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് സമീപ പ്രദേശത്തുള്ള മറ്റു സമുദ്രയാനങ്ങൾക്ക് അധികൃതർ സന്ദേശം കൈമാറിയിട്ടുണ്ട്.
അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ എം.വി. റൂയൻ എന്ന ചരക്കു കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ തിങ്കളാഴ്ച ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി ദിവസങ്ങൾക്കകമാണ് പുതിയ സംഭവം. അതേസമയം, ഇറാനിൽനിന്നുള്ള ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ആരോപിച്ചു. ആക്രമിക്കപ്പെട്ട കപ്പലുമായി ബന്ധമില്ലെന്ന് ഇസ്രായേലി കമ്പനിയായ സിം അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞമാസം ഇസ്രായേലി ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള ‘യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ്’ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.