മുംബൈ: അടുത്ത വർഷം നടക്കാൻ പോകുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ നേരിടാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. നടൻമാരായ റിതേഷ് ദേശ്മുഖ്, സോനു സൂദ്, മിലിന്ദ് സോമൻ എന്നിവരിലൊരാളെ മേയർ സ്ഥാനാർഥിയാക്കി നേരത്തെ തന്നെ പ്രചാരണം തുടങ്ങാനാണ് നീക്കങ്ങൾ.
മേയർ സ്ഥാനാർഥിയായി പരിഗണിക്കുന്ന മൂന്ന് പേരും കോൺഗ്രസ് അംഗങ്ങളല്ല. എന്നാൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വിലാസ്റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളടങ്ങിയ 25 പേജ് കരട് സിറ്റി കോൺഗ്രസ് സെക്രട്ടറി ഗണേഷ് യാദവ് തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എച്ച്.കെ. പാട്ടീൽ മുമ്പാകെ അവതരിപ്പിക്കും. മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഇത് മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ച െചയ്യുമെന്ന് യാദവ് പറഞ്ഞു.
പൊതുസമ്മതനായ ഒരാളെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മേയർ സ്ഥാനാർഥിയാക്കി ഉയർത്തിക്കാണിക്കണമെന്നാണ് കരടിൽ പ്രധാനമായും പറയുന്നത്. മേയർ സ്ഥാനാർഥിക്ക് യുവാക്കളുടെ സമ്മതിയുണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്. യുവ പ്രഫഷനലുകൾക്കും സാമൂഹിക പ്രവർത്തകർക്കുമായി ചെറിയൊരു ശതമാനം സീറ്റുകൾ നീക്കിവെക്കണം.
അതോടൊപ്പം തന്നെ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ശിവസേനയുമായി നേരിട്ട് സഖ്യത്തിൽ ഏർപ്പെടുമോ എന്ന കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തണം. കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുകയാണെങ്കിൽ 147 സീറ്റുകളിലേക്ക് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കണം. വഞ്ചിത് ബഹുജൻ അഗാഡിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ബി ടീമാണെന്ന പ്രചാരണത്തിന് ഊന്നൽ നൽകണമെന്നും കരടിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.