ന്യൂഡൽഹി: കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച 13 പേരിൽ തിരിച്ചറിഞ്ഞത് നാലു പേരെയെന്ന് റിപ്പോർട്ട്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലാൻസ് നായ്ക് വിവേക് കുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നായ്ക് ഗുരുസേവക് സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ ഗുൽദ്വീപ്സിങ്, റാണ പ്രതാപ് ദാസ്, എ. പ്രദീപ്, ജിതേന്ദർ കുമാർ, ലഫ്. കേണൽ ഹർജീന്ദർ സിങ്, ഹവിൽദാർ സത്പാൽ രാജ്, ലാൻസ് നായ്ക് ബി.എസ്. തേജ എന്നിവരെയാണ് തിരിച്ചറിയാനുള്ളത്. ഇവരുടെ ഡി.എൻ.എ പരിശോധന പുരോഗമിക്കുകയാണ്.
സൈനിക ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയൽ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. മരിച്ച സൈനികരുടെ ഉറ്റ ബന്ധുക്കളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.
അതേസമയം, ബിപിൻ റാവത്തിന്റെ മൃതദേഹം ഉച്ചക്ക് രണ്ടിനും ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറിന്റെ മൃതദേഹം രാവിലെ ഒമ്പതിനും ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച റാവത്തിന്റെ മൃതദേഹം ഔദ്യോഗിക വസതിയായ മൂന്ന്, കാമരാജ് മാർഗിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ പൊതുദർശനത്തിന് വെക്കും. 12.30 മുതൽ സൈനികർക്ക് അന്ത്യോപചാരം അർപ്പിക്കാം. രണ്ടു മണിയോടെ വിലാപയാത്രയായി ബ്രാർ സ്ക്വയർ ശ്മശാനത്തിൽ എത്തിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.