ചണ്ഡീഗഡ്: കായിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത അത്ലറ്റിക് ഇതിഹാസം മിൽഖ സിങ് അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിന്‍റെ തുടർച്ചയെന്നോണം ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 11.30ഓടെയായിരുന്നു മരണമെന്ന് മകൻ ജീവ് മിൽഖ സിങ് അറിയിച്ചു. ഭാര്യയും ഇന്ത്യൻ വോളിബാൾ ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്‍റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മിൽഖ സിങിന്‍റെ വിടവാങ്ങൽ.
മേയ് 19നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ ചണ്ഡീഗഡിലെ വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. എന്നാൽ, പിന്നീട് കോവിഡ് ന്യമോണിയ ബാധിച്ചതിനെ തുടർന്ന് മേയ് 24ന് അദ്ദേഹത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 30ന് ഡിസ്ചാർജ് ചെയ്ത ശേഷം ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് ജൂൺ മൂന്നിനാണ് പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിലേക്ക് മാറ്റിയത്. 16ന് നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തതോടെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
'പറക്കും സിങ്' എന്ന പേരിലറിയപ്പെടുന്ന മിൽഖ ഇപ്പോൾ പാകിസ്താനിന്റെ ഭാഗമായ ഗോബിന്ദ്പുരയിലാണ് ജനിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യത്തെ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റ് എന്ന ബഹുമതി അദ്ദേഹം 1958ൽ കാർഡിഫിൽ സ്വന്തമാക്കി. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഡിസ്കസ്ത്രോയിൽ കൃഷ്ണ പൂനിയ സ്വർണം നേടുന്നത് വരെ അരനൂറ്റാണ്ടോളം അദ്ദേഹം മാത്രമായിരുന്നു ഇന്ത്യയുടെ ഏക കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവ്.
1958ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയ അദ്ദേഹം 1962ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 4x400 റിലേയിലും സുവർണനേട്ടം ആവർത്തിച്ചു. 1958ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട്. 1964ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ വെള്ളിയും നേടി. 1956 മെൽബൺ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
1960ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്‍റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. അന്ന് അദ്ദേഹം കുറിച്ച 45.6 സെക്കന്‍റ് എന്ന സമയം ദേശീയ റെക്കോർഡ് ആയിരുന്നു. 38 വർഷത്തിനുശേഷം 1998ൽ പരംജീത് സിങ് ആണ് ഈ റെക്കോർഡ് തകർത്തത്. 1959ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. മോന സിങ്, അലീസ ഗ്രോവർ, സോണിയ സൻവാൽക എന്നീ പെൺമക്കളും മിൽഖയ്ക്കുണ്ട്. 14 തവണ അന്താരാഷ്ട്ര വിജയങ്ങൾ കൈവരിച്ച മകൻ ജീവ് പദ്മശ്രീ പുരസ്കാരം നേടിയിട്ടുണ്ട്.
മിൽഖ സിങിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അസംഖ്യം ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിച്ച അത്ലറ്റ് ആണ് മിൽഖയെന്ന് അനുസ്മരിച്ച മോദി, അദ്ദേഹത്തിന്‍റെ ജീവിതയാത്ര നിരവധി വളർന്നുവരുന്ന അത്ലറ്റുകൾക്ക് പ്രചോദനമാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.