ലോകത്ത്​ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യക്കാർ; 1.8 കോടിപേർ വിദേശത്ത്​

ലോകത്ത്​ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയെന്ന്​ ഐക്യരാഷ്​ട്രസഭ. 2020 ലെ കണക്കനുസരിച്ച്​ 1.8 കോടി ആളുകൾ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ടെന്നും യുഎൻ അറിയിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്​ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറ്റം നടത്തുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ അന്തർദേശീയ ജനസംഖ്യ ഇന്ത്യയിലാണ്. 18 ദശലക്ഷം വരുമിത്​. ഇത് ഒരു പ്രധാന സംഖ്യയാണ്. ഇന്ത്യൻ കുടിയേറ്റക്കാരെകുറിച്ചുള്ള വളരെ രസകരമായ മറ്റൊരു സവിശേഷത അവർ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്​ എന്നതാണ്' -​യുഎൻ ഡിപ്പാർട്ട്‌മെന്‍റിലെ പോപ്പുലേഷൻ അഫയേഴ്‌സ് ഓഫീസർ ക്ലെയർ മെനോസി വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.


ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒരു രാജ്യത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രദേശങ്ങളിലും ഉണ്ട്. ഗൾഫ് മുതൽ വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിങ്ങനെ അവർ വ്യാപിച്ചിരിക്കുന്നു. 'ഇന്ത്യയുടേത്​ വളരെ ഊർജ്ജസ്വലവും ചലനാത്മകവുമായ പ്രവാസികളാണ്'- മെനോസി പറഞ്ഞു. വെള്ളിയാഴ്ച യുഎൻ പുറത്തിറക്കിയ 'ഇന്‍റർനാഷണൽ മൈഗ്രേഷൻ 2020 ഹൈലൈറ്റുകൾ' എന്ന റിപ്പോർട്ടിലാണ്​ വിവരങ്ങളുള്ളത്​.


മെക്സിക്കോ, റഷ്യ (1.1 കോടി വീതം), ചൈന (1.0 കോടി), സിറിയ (80 ലക്ഷം) എന്നിവയാണ് കൂടുതൽ പ്രവാസികളെ സൃഷ്​ടിക്കുന്ന മറ്റ് രാജ്യങ്ങൾ. യു‌എഇ (35 ലക്ഷം), യുഎസ് (27 ലക്ഷം), സൗദി അറേബ്യ (25 ലക്ഷം) എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെ ഏറ്റവുംകൂടുതൽ സ്വീകരിച്ച രാജ്യങ്ങൾ. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ പ്രവാസികൾ വൻതോതിൽ കുടിയേറിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.