ട്രംപിന്‍റെ ട്വിറ്റർ വിലക്ക് നീക്കുന്നതിനെ പിന്തുണച്ച് മന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ പുന:പ്രവേശനത്തെ പിന്തുണച്ച് മന്ത്രി രാജീവ് ചന്ദ്രശേഖർ. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിലക്കുന്നത് ഉപഭോക്താവിന്‍റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഏതൊക്കെ സാഹചര്യത്തിലാണ് ആളുകളെ വിലക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ നിയമങ്ങളുണ്ടാക്കണമെന്നും അത് ഏകപക്ഷീയമായ തീരുമാനമാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വിറ്റർ പൂർണ്ണമായും ഏറ്റെടുത്താൽ ട്രംപിന്‍റെ അക്കൗണ്ട് പുന:സ്ഥാപിക്കുമെന്ന ഇലോൺ മസ്കിന്‍റെ പ്രസ്താവനയെ തുടർന്നാണ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. കൂടാതെ ഉപഭോക്താവിന്‍റെ ഭാഗത്തുനിന്നും തെറ്റായ ട്വീറ്റുകളുണ്ടായാൽ അത് മായ്ച്ചുകളയുകയോ താൽക്കാലികമായി വിലക്കുകയോ ചെയ്യുമെന്നും സ്ഥിരമായ വിലക്കുണ്ടാവില്ലെന്നും മസ്ക് പറഞ്ഞിരുന്നു.

എന്നാൽ, അക്കൗണ്ട് പുന:സ്ഥാപിച്ചാലും ട്വിറ്ററിലേക്ക് തിരിച്ച് വരില്ല എന്നതാണ് ട്രംപിന്‍റെ നിലപാട്. കാപിറ്റോൾ കലാപത്തിനെ തുടർന്ന് കലാപത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്തു എന്ന് ആരോപിച്ചാണ് ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ വിലക്കിയത്. അതേസമയം, മസ്കിന്‍റെ അഭിപ്രായങ്ങളോട് ട്വിറ്റർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Minister Rajeev Chandrasekhar backs Donald Trump's Twitter ban reversal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.