ന്യൂഡൽഹി: കേന്ദ്ര നഗരവികസന, വാർത്തവിതരണ പ്രക്ഷേപണ മന്ത്രിയും ബി.ജെ.പി മുൻ അഖിലേന്ത്യ അധ്യക്ഷനുമായ എം. വെങ്കയ്യ നായിഡു എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥി. വെങ്കയ്യ നായിഡു ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമിത് ഷായുടെയും മോദിയുടെയും വിശ്വസ്തനായ വെങ്കയ്യ നായിഡുവിനെ ഉപയോഗിച്ച് സർക്കാറിന് ഇനിയും ഭൂരിപക്ഷം ലഭിക്കാത്ത രാജ്യസഭ വരുതിയിൽ നിർത്താമെന്ന കണക്കുകൂട്ടലിലാണ് രാജ്യസഭ ചെയർമാൻകൂടിയായ ഉപരാഷ്ട്രപതി പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്.
മോദിയും അമിത് ഷായും ചേർന്ന് എടുത്ത തീരുമാനം തിങ്കളാഴ്ച ബി.ജെ.പി പാർലമെൻററി ബോർഡിൽ അറിയിച്ച ശേഷം വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ആന്ധ്രപ്രദേശിൽനിന്നുള്ള എം.പിയായ വെങ്കയ്യ നായിഡുവിന് 25 വർഷത്തെ പാർലമെൻററി പ്രവർത്തന പരിചയമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ഗോപാൽ കൃഷ്ണ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമവായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടതിനെ തുടർന്ന് കേന്ദ്ര മന്ത്രിസ്ഥാനം വെങ്കയ്യ നായിഡു രാജിവെച്ചു. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.