ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ ന്യൂനപക്ഷ പദവി പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം. ജാമിയയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതിയിലെ കേസിൽ നേരത്തേ സീകരിച്ച നിലപാടിൽനിന്ന് മാറി പുതിയ സത്യവാങ്മൂലം നൽകാനൊരുങ്ങുകയാണ് മന്ത്രാലയം.
നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് (എൻ.സി.എം.ഇ.െഎ) ജാമിയ മില്ലിയ ഇസ്ലാമിയക്ക് ന്യൂനപക്ഷ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് 2011ഫെബ്രവരി 22ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് അന്നത്തെ സർക്കാർ പിന്തുണയും നൽകിയിരുന്നു. ഇതിന് വിരുദ്ധമായി പുതുതായി സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ, നിയമ വശങ്ങൾ മനസ്സിലാക്കുന്നതിൽ തങ്ങൾക്ക് സംഭവിച്ച പിഴവായിരുന്നു അന്ന് നൽകിയ പിന്തുണ എന്ന് മാനവശേഷി വികസന മന്ത്രാലയം ഹൈകോടതിയെ അറിയിക്കും.പാർലമെൻറ് ആക്ട് പ്രകാരം സ്ഥാപിതമായ സർവകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ എന്നും ന്യൂനപക്ഷ സ്ഥാപനം എന്ന നിലക്കല്ല അത് രൂപം കൊണ്ടതെന്നും സർവകലാശാല കേന്ദ്ര സർക്കാറിെൻറ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം കോടതിയെ ധരിപ്പിക്കും.
സ്മൃതി ഇറാനി മാനവശേഷി വികസന മന്ത്രിയായിരുന്ന സമയത്താണ് ജാമിയയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം മോദി സർക്കാർ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ജാമിയ ന്യൂനപക്ഷ സ്ഥാപനമല്ലെന്നും അതിനാൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമീഷെൻറ നിർദേശം അനുസരിക്കേണ്ട ബാധ്യതയില്ലെന്നുമാണ് അറ്റോണി ജനറൽ ആയിരുന്ന മുകുൾ രോഹതഗി അന്ന് നിയമോപദേശം നൽകിയത്. ഇതിെൻറ തുടർ നടപടിയായാണ് പുതിയ സത്യവാങ്മൂലം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.