ഗോഹട്ടി: ചൈന അതിർത്തിയിൽ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മലയാളി സൈനികൻ പന്നിയൂർകുളം മേലെ താന്നിക്കാട് അച്ചുദേവ് (25) , ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് അരുണാചൽ അതിർത്തിയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് തെരച്ചിലിനിടെ പൈലറ്റുമാരുടെ ശരീരാവശിഷ്ടങ്ങൾ, പഴ്സ് എന്നിവ കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങൾ പരിശോധനക്കായി പൂണെയിലേക്ക് അയക്കും.
മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്ന് അച്ചുദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന് നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അച്ചുദേവിനൊപ്പം ഉണ്ടായിരുന്ന പൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇജക്ഷന് നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ തെരച്ചില്‍ നടത്തണമെന്നും ഐ.എസ്.ആര്‍ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന് കൂടിയായ അച്ചുദേവിന്റെ പിതാവ് അഭ്യർഥിച്ചിരുന്നു.
ഇൗ മാസം 23ന് രാവിലെ 10 ഒാടെയാണ് പരിശീലനപറക്കലിനിടെ ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രൻ ലീഡറും സഞ്ചരിച്ച സുഖോയ് വിമാനം കാണാതായത്. രണ്ട് വൈമാനികർക്കുമാത്രം സഞ്ചരിക്കാവുന്ന വിമാനത്തിലായിരുന്നു ഇരുവരുടെയും യാത്ര. അതിർത്തിയിൽ തേസ്പൂർ വ്യോമതാവളത്തിൽനിന്ന് 60 കിലോമീറ്ററോളം അകലെവെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശക്തമായ മഴയും സ്ഥലത്തെ നിബിഡവനവും തിരച്ചിലിനെ ബാധിച്ചു.
െഎ.എസ്.ആർ.ഒയിൽ ഉദ്യോഗസ്ഥനായിരുന്ന സഹദേവൻ 30 വർഷത്തോളമായി തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപമാണ് താമസം. കോഴിക്കോട് പന്തീരാങ്കാവിൽ പുതിയ വീട് നിർമിച്ചെങ്കിലും താമസം തുടങ്ങിയിട്ടില്ല. അഞ്ചാംക്ലാസുവരെ തിരുവനന്തപുരത്ത് പഠനം നടത്തിയ അച്ചുദേവ് ആറാംക്ലാസ് മുതൽ ഡറാഡൂണിലെ സൈനികസ്കൂളിലാണ് പഠിച്ചത്. ഇവിടെനിന്നാണ് വ്യോമസേനയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.