വിശാഖപട്ടണം: വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം എത്തി കാണാതായ യുവതിക്കായി ലക്ഷങ്ങൾ ചെലവിട്ട് കടലിലും കരയിലും തെരച്ചിൽ നടത്തി തളർന്ന പൊലീസിനെയും കോസ്റ്റ്ഗാർഡിനെയും ഞെട്ടിച്ച് ആ വാർത്ത എത്തി, യുവതി കാമുകനൊപ്പം സുഖമായി കഴിയുന്നു!
ആന്ധ്രപ്രദേശിലെ ആർ.കെ ബീച്ചിൽ കാണാതായ സായ് പ്രിയക്ക് വേണ്ടിയാണ് ഒരു കോടിയോളം രൂപ ചെലവിട്ട് അധികൃതർ രണ്ട് ദിവസമായി വ്യാപക തെരച്ചിൽ നടത്തിയത്. പൊലീസും കോസ്റ്റ്ഗാർഡും സംയുക്തമായി ബീച്ച് പരിസരത്തും കടലിലും ചേതക് ഹെലിക് കോപ്ടർ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. പിന്നീട് നെല്ലൂർ ജില്ലയിലെ കാവാലിയിൽ കാമുകനോടപ്പം യുവതിയെ കണ്ടത്തുകയായിരുന്നു. ഇവർ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു.
ജൂലൈ 25നാണ് സഞ്ജീവയ്യ നഗർ സ്വദേശിനി സായ് പ്രിയയെ ആർ.കെ ബീച്ചിൽ നിന്ന് കാണാതായത്. ഭർത്താവ് ശ്രീനിവാസ റാവുവിനൊപ്പം തങ്ങളുടെ രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായി സിംഹാചലം ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇവർ. ക്ഷേത്ര ദർശനം നടത്തിയ ശേഷം ഇരുവരും വൈകീട്ട് ആർ.കെ ബീച്ചിലെത്തി. എന്നാൽ ഏഴ് മണിയോടെ സായ് പ്രിയയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവ് പൊലീസിൽ വിവരം അറിയിച്ചു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് രവി എന്നയാളോടപ്പം യുവതി ബീച്ചിൽ നിന്ന് ഒളിച്ചോടിയതായി തെളിഞ്ഞത്. നെല്ലൂർ ജില്ലയിൽ യുവതിയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഉടൻ വിശാഖപട്ടണത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു.
'ആ സ്ത്രീ ഞങ്ങളെയെല്ലാവരെയും പറ്റിച്ചു. ഞങ്ങളുടെ സമയവും അധ്വാനവും പാഴാക്കി' -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ കലക്ടറുടെ അഭ്യർഥന പ്രകാരമാണ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചതെന്ന് നാവിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.