ന്യൂഡൽഹി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാത്തതിനാലാണ് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയത്. ഇത് പുന:പരിശോധിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നൽകിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിച്ചതായി ട്വീറ്റ് ചെയ്തത്. 'ക്രിസ്മസ് ദിനത്തിൽ, കേന്ദ്ര മന്ത്രാലയം മദർ തെരേസയുടെ ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. അവരുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നും ഇല്ലാതെ വലഞ്ഞു. നിയമം പരമപ്രധാനമാണ്. മാനുഷിക ശ്രമങ്ങൾ വിട്ടുവീഴ്ച ചെയ്യരുതെന്നും മമത ട്വീറ്റിൽ കുറിച്ചു.
ഇതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണം നിഷേധിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസ്താവന ഇറക്കിയത്. ബാങ്ക് അക്കൗണ്ട് റദ്ദാക്കിയതിനെ കൊൽക്കത്ത അതിരൂപത രൂക്ഷമായി വിമർശിച്ചു. ദരിദ്രരായ മനുഷ്യർക്ക് സർക്കാർ ഏജൻസികൾ നൽകിയ ക്രൂരമായ ക്രിസ്മസ് സമ്മാനമാണിതെന്ന് കൽക്കത്ത അതിരൂപത വികാരി ജനറൽ ഫാ.ഡൊമിനിക് ഗോംസ പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ അപേക്ഷയോ പുതുക്കി നൽകണമെന്ന റിവിഷൻ അപേക്ഷയോ മിഷനറീസ് ഓഫ് ചാരിറ്റി അധികൃതർ നൽകിയിട്ടില്ലെന്ന് കേന്ദ്രം വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.