ന്യൂഡൽഹി: അസമിൽ പച്ചക്കറികൾക്ക് വിലകൂടിയതിന് മിയ മുസ്ലിംകളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ‘ആരാണ് പച്ചക്കറികൾക്ക് വില കൂട്ടിയത്? മിയ കച്ചവടക്കാരാണ് പച്ചക്കറികൾ വിലകൂട്ടി വിൽക്കുന്നത്’ -ഗുവാഹതിയിൽ വിലക്കയറ്റം അതിരൂക്ഷമായതിനെ കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു വിവാദപരാമർശം.
ബംഗാളിൽനിന്ന് കുടിയേറിയ മിയ മുസ്ലിം സമുദായത്തിലെ കച്ചവടക്കാർ ഫ്ലൈഓവറുകൾക്ക് താഴെ നടത്തുന്ന കടകൾ ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. അസം ജനതയിൽനിന്ന് അവർ കൂടിയ വില വാങ്ങുകയാണെന്നും നാട്ടുകാരായ കച്ചവടക്കാർക്ക് ഒരിക്കലും ഇത്ര വിലയ്ക്ക് വിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ഒഴിപ്പിച്ചാൽ അസമിലെ യുവതലമുറക്ക് തൊഴിലവസരമൊരുങ്ങുമെന്നും ഹിമന്ത പറയുന്നു.
‘‘പെരുന്നാൾദിനത്തിൽ ഗുവാഹതിയിൽ ബസുകൾ കുറച്ച് മാത്രമാണ് സഞ്ചരിക്കുന്നത്. തിരക്ക് കുറവാണ്. കാരണം, മിക്ക ബസ്, ടാക്സി ഡ്രൈവർമാരും മിയ സമുദായക്കാരാണ്’’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുവാഹതിയിൽ ഫ്ലൈഓവറുകൾക്ക് താഴെ പച്ചക്കറികളും പഴങ്ങളും വിൽക്കുന്നവരിലേറെയും മിയ മുസ്ലിംകളാണ്. പച്ചക്കറിവിൽപനക്ക് പുറമെ മറ്റ് തൊഴിൽ മേഖലയിലെയും ഇവരുടെ സാന്നിധ്യം ശർമ പരാമർശിക്കുന്നുണ്ട്.
ഇതിനെതിരെ കടുത്തഭാഷയിൽ പ്രതികരിച്ച ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡന്റ് ബദ്റുദ്ദീൻ അജ്മൽ എം.പി, മിയ സമുദായമില്ലാതെ അസം പൂർത്തിയാകില്ലെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം അസമിലെ ഗോൽപാരയിൽ ‘മിയ മ്യൂസിയം’ തുറന്ന് രണ്ടു ദിവസം കഴിഞ്ഞ് അടച്ചുപൂട്ടിയിരുന്നു. മ്യൂസിയം ഉടമ ഓൾ അസം മിയാ പരിഷത്ത് പ്രസിഡന്റ് മൊഹൊർ അലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.