ഒരു തായ് മക്കളായ് വാഴുന്ന ഇന്ത്യയെ വെറുപ്പ് വിതച്ച് ബി.ജെ.പി നാശത്തിലേയ്ക്ക് തള്ളുന്നു - എം.കെ സ്റ്റാലിൻ.

നാഗർകോവിൽ: ഒരു അമ്മയുടെ മക്കളായി വാഴുന്ന ഇന്ത്യയിലെ ജനങ്ങളെ വെറുപ്പ് വിതച്ച് ബി.ജെ.പി ഭിന്നിപ്പിച്ച് നാശത്തിലേയ്ക്ക് തള്ളുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാങ്കുനേരിയിൽ കന്യാകുമാരി, തിരുനെൽവേലി ലോക്സഭാ സ്ഥാനാർഥികൾക്കും വിളവങ്കോട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയ്ക്കും വോട്ട് അഭ്യർഥിച്ച് നടത്തിയ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി പൊഴിക്കുന്ന കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ല. പിന്നെയല്ലേ തമിഴ് ജനത വിശ്വസിക്കുന്നത്. പ്രകൃതി ദുരന്തം കാരണം തമിഴ് ജനത ദുരിതമനുഭവിച്ചപ്പോൾ വരാത്ത മോദി, 37000 കോടി സഹായം ചോദിച്ചപ്പോൾ ഒരു രൂപ നൽകാത്ത മോദി എന്തിനാണ് വീണ്ടും വീണ്ടും തമിഴ്നാട്ടിലേയ്ക്ക് വരുന്നതെന്നും ഒരു ആശ്വാസ വാക്കെങ്കിലും പറഞ്ഞോ എന്നും സ്റ്റാലിൻ ചോദിച്ചു. എന്നാൽ സംസ്ഥാനം ഉണർന്ന് പ്രവർത്തിച്ച് ജനങ്ങളെ സഹായിച്ചു. സഹായം നൽകാത്ത യൂനിയൻ സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

സംസ്ഥാനം ഒരു രൂപ നൽകുമ്പോൾ അവർ 29 പൈസയാണ് തിരികെ നൽകുന്നത്. സംസ്ഥാന സർക്കാർ സ്വന്തം ജനതയെ സഹായിക്കുമ്പോൾ കേന്ദ്രമന്ത്രി ജനങ്ങളെ ഭിക്ഷക്കാരാക്കി അപമാനിക്കുന്നു. ചിലർ തീവ്രവാദികൾ എന്നു പറയുന്നു. ഇതിനെല്ലാം ഉള്ള മറുപടിയാകണം വരുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ പ്രതികരണം. ഒരേ മതം, ഒരേ നികുതി, ഒരേ തെരഞ്ഞെടുപ്പ് എന്ന് തുടങ്ങി ഒരേ പല്ലവി പാടി ഒരാൾ രാജാവായി മാറുമ്പോൾ അതോടൊപ്പം ഇന്ത്യയുടെ ഭരണഘടനയെയും മാറ്റും രാജ്യം വൻ വിപത്തിലേയ്ക്ക് നയിക്കപ്പെടുന്നതായി സ്റ്റാലിൻ പറഞ്ഞു. തരം കിട്ടുമ്പോൾ പ്രതിപക്ഷ നേതാക്കളെയും നെഹ്റുവിനെയും അപമാനിക്കുന്ന മോദി ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ നിന്ന് ദിശ തിരിച്ച് വിടുന്നു. കഴിഞ്ഞ പത്ത് വർഷമായി തമിഴ്നാടിന് ഒരു പദ്ധതിയും നൽകിയില്ല. നൽകിയ എയിംസ് പദ്ധതിയെ ഭൂതകണ്ണാടി വച്ച് നോക്കിയാലും കാണാൻ കഴിയില്ല. ഇതിനെതിരെ പ്രധാന പ്രതിപക്ഷമായ എ.ഡി.എം.കെയുടെ നേതാവ് പഴനി സ്വാമി ഒന്നും മിണ്ടുന്നില്ല. സി.എ.എയെ അനുകൂലിച്ച് വോട്ട് ചെയ്ത അവർ കപട നാടകം കളിക്കുന്നതായി ആരോപിച്ചു.

യോഗത്തിൽ കന്യാകുമാരി തിരുനെൽവേലി ലോക്‌സഭ സ്ഥാനാർഥികളായ വിജയ് വസന്ത്, റോബർട്ട് ബ്രൂസ് വിളവങ്കോട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി താരക എന്നിവരെ പരിചയപ്പെടുത്തി. മന്ത്രിമാരായ തങ്കംതെന്നരശ്, മനോതങ്കരാജ്, മേയർ മഹേഷ്, പിന്നാക്ക ക്ഷേമ ചെയർമാൻ പീറ്റർ അൽഫോൺസ് എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Tags:    
News Summary - MK Stalin slams BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.