ന്യൂഡൽഹി: സ്വന്തമെന്നു കരുതിയ പകുതിയിലേറെ എം.എൽ.എമാർ കൂറുമാറുകയും അവരെ സംസ്ഥാനത്തു നിന്നുതന്നെ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിഞ്ഞില്ല! എൻ.സി.പി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പൊലീസും രഹസ്യാന്വേഷണ വിഭാഗവും നോക്കുകുത്തിയായി. അമ്പരപ്പിക്കുന്ന അധമരാഷ്ട്രീയമാണ് മഹാരാഷ്ട്രയിൽ അരങ്ങേറുന്നത്.
എം.എൽ.എമാരെ വിലക്കുവാങ്ങുന്നതും മറുകണ്ടം ചാടിക്കുന്നതുമാണ് പതിവുരീതികളെങ്കിൽ, ഒരുസംഘം ശിവസേന എം.എൽ.എമാരെ റാഞ്ചിക്കൊണ്ടുപോയതാണ് ചിത്രം. അതിന് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെയും അസമിലെയും കേന്ദ്ര-സംസ്ഥാന പൊലീസ് വിഭാഗങ്ങൾ സൗകര്യം ചെയ്തുകൊടുത്തു. റാഞ്ചിക്കൊണ്ടു പോകുന്ന എം.എൽ.എമാരെ മുന്നിൽക്കിട്ടിയ മാധ്യമപ്രവർത്തകർക്ക് അവരോട് സംസാരിക്കാൻപോലും അവസരം നിഷേധിച്ചു.
മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ് എം.എൽ.എമാരെ ആദ്യം കടത്തിയത്. അവരിൽ പലരോടും ഡിന്നറിന് പോകുന്നുവെന്നാണ് പറഞ്ഞതത്രേ. എന്നാൽ, ബസ് സംസ്ഥാന അതിർത്തി കടക്കാൻ പോകുന്നത് കണ്ടപ്പോൾ സംഗതി പന്തിയല്ലെന്നുകണ്ട് ഉസ്മാനാബാദ് എം.എൽ.എ കൈലാസ് പാട്ടീൽ നിർബന്ധപൂർവം ഇറങ്ങുകയായിരുന്നു.
അവിടെനിന്ന് അഞ്ചുകിലോമീറ്റർ നടന്നും കിട്ടിയ വണ്ടിയിൽ കയറിയുമൊക്കെയാണ് ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയിൽ എത്തിപ്പെട്ടതെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഇത്രയും എം.എൽ.എമാരുടെ യോജിച്ച യാത്ര നടന്നിട്ട് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ലേ എന്ന ചോദ്യം എൻ.സി.പി നേതാവ് ശരത് പവാർ സ്വന്തം പാർട്ടിക്കാരനായ ആഭ്യന്തര മന്ത്രിയോട് ചോദിച്ചെന്നാണ് വിവരം. എം.എൽ.എമാർക്ക് പൊലീസ് സംരക്ഷണമുള്ളതാണ്. ഇതിനുപിന്നിൽ നടന്ന കളി എന്താണെന്ന് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
വിമാനത്താവളത്തിന്റെ കാവൽ കേന്ദ്രസേനയായ സി.ഐ.എസ്.എഫിനാണ്. ക്രമസമാധാനം സംസ്ഥാന പൊലീസിന്. ഈ രണ്ട് പൊലീസ് വിഭാഗങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കൊത്ത് കളിച്ചതുകൊണ്ടാണ് ശിവസേന എം.എൽ.എമാരെ ബന്ദികളാക്കപ്പെട്ട നിലയിൽ സൂറത്ത് വഴി ഗുവാഹതിയിൽ എത്തിച്ചത്.
ആരുമായും സംസാരിക്കാൻപോലും ഗുജറാത്ത്, അസം പൊലീസ് വിഭാഗങ്ങൾ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.