റാഞ്ചി: ഝാർഖണ്ഡിൽ ബി.ജെ.പിയുടെ അട്ടിമറിശ്രമം മറികടക്കാൻ ഭരണകക്ഷിയായ യു.പി.എ സഖ്യത്തിലെ എം.എൽ.എമാർ കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെത്തി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം അയോഗ്യത ഭീഷണിയിലായ സാഹചര്യത്തിൽ ഭരണകക്ഷി എം.എൽ.എമാരെ വിലകൊടുത്തുവാങ്ങാൻ ബി.ജെ.പി ശ്രമം നടത്തുമെന്ന ആശങ്കയിലാണ് എം.എൽ.എമാരെ ബി.ജെ.പി ഇതര സംസ്ഥാനത്തേക്ക് മാറ്റിയത്. ചൊവ്വാഴ്ച ഉച്ച 4.30ഓടെ റാഞ്ചി വിമാനത്താവളത്തിൽനിന്ന് 40ഓളം എം.എൽ.എമാരുമായി പറന്ന ചാർട്ടേഡ് വിമാനം 5.30 ഓടെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലിറങ്ങി. തുടർന്ന് മൂന്നു ബസുകളിലായി എം.എൽ.എമാർ നവ റായ്പൂരിലെ മെയ്ഫ്ലവർ റിസോർട്ടിലേക്ക് നീങ്ങി.
81 അംഗ സഭയിൽ ഭരണകക്ഷിക്ക് 49 എം.എൽ.എമാരാണുള്ളത്. ഇത് അപ്രതീക്ഷിത നീക്കമൊന്നും അല്ലെന്നും രാഷ്ട്രീയത്തിൽ ഇതൊന്നും അസംഭവ്യമല്ലെന്നും എന്തുസാഹചര്യം നേരിടാനും തങ്ങൾ ഒരുക്കമാണെന്നും റായ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തുവന്ന ഹേമന്ത് സോറൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തിമോർച്ചയുടെയും (ജെ.എം.എം) കോൺഗ്രസിന്റെയും എം.എൽ.എമാരെ ബി.ജെ.പി പണമെറിഞ്ഞ് ചാക്കിട്ടുപിടിച്ച് സംസ്ഥാന സർക്കാറിനെ വീഴ്ത്തുമെന്ന് ജെ.എം.എം വൃത്തങ്ങൾ സംശയിക്കുന്നു. നിയമസഭാംഗമായിരിക്കെ ഖനി ലൈസൻസ് കൈവശംവെച്ച സംഭവത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ആരോപിച്ച് സോറനെതിരെ പ്രതിപക്ഷമായ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമീഷൻ ഗവർണർക്ക് റിപ്പോർട്ടും നൽകുകയുണ്ടായി. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ ഗർവണർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.