രാമക്ഷേത്ര ഭൂമിപൂജയിൽ മോദിക്കും അദ്വാനിക്കും പങ്കെടുക്കാമോ? കോവിഡ് മാർഗനിർദേശം പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‍റെ ഭൂമിപൂജ നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോദിയെ കൂടാതെ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും ഭൂമിപൂജയിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തും. എന്നാൽ, കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമോ?

നിലവിലുള്ള കോവിഡ് മാർഗനിർദേശത്തിൽ ആരാധനാലയങ്ങളിലെ പ്രവേശനത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. 65 വയസിന് മുകളിൽ പ്രായമുള്ളവർ, അസുഖങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തുടരണമെന്നാണ് കോവിഡ് മാർഗനിർദേശത്തിൽ പറയുന്നത്. മതസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംഘടനകൾ ഇതിന് അനുസൃതമായി പ്രവർത്തിക്കണമെന്നും പറയുന്നു.

അൺലോക്ക് 3ന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിലും 65 വയസിന് മുകളിൽ പ്രായമുള്ളവർ വീടുകളിൽ തുടരണമെന്ന് തന്നെയാണ് ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നത്.

ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച മുതിർന്ന നേതാക്കളിൽ പലരുടെയും പ്രായം 65ൽ കൂടുതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി (69), എൽ.കെ. അദ്വാനി (92), മുരളി മനോഹർ ജോഷി (86), മോഹൻ ഭാഗവത് (69), ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി (73), യു.പി മുൻ മുഖ്യമന്ത്രി കല്യാണ് സിങ് (88) തുടങ്ങിയവരെല്ലാം 65നു മുകളിലുള്ളവരാണ്.

ഇതുകൂടാതെ, ആരാധനാലയങ്ങളിൽ ആളുകൾ വലിയരീതിയിൽ ഒത്തുചേരുന്ന ചടങ്ങുകൾക്കും വിലക്കുണ്ട്. മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകളിലും ഈ നിർദേശമുണ്ട്. എന്നാൽ, ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജക്ക് 200 പേർ പങ്കെടുക്കുമെന്നാണ് വിവരം.


 



അതിനിടെ, ആഗസ്റ്റ് അഞ്ചിലെ ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന പൂജാരിക്കും സുരക്ഷാ ചുമതലയുള്ള 14 പൊലീസ് ഉദ്യോഗസ്ഥർക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉൾപ്പെടെ നാല് പൂജാരിമാരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

രാമജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കം വിലയിരുത്താൻ ഇവിടെ സന്ദർശിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച പ്രദീപ് ദാസും യോഗി ആദിത്യനാഥും ഒരുമിച്ചുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

കോവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും ഭൂമിപൂജ മാറ്റിവെക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. മുഖ്യ പൂജാരിക്കും മറ്റ് അനുയായികൾക്കും കോവിഡ് ഇല്ലാത്ത സാഹചര്യത്തിൽ പൂജയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം.

ഭൂമിപൂജയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ട്. ഇതോടെ അയോധ്യയിലെങ്ങും സുരക്ഷ കർശനമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.